
താരങ്ങളാൽ സമ്പന്നമായിരുന്നു കൊച്ചിയിൽ കല്യാൺ ജ്വല്ലറി ഉടമ കല്യാണരാമനും കുടുംബവും സംഘടിപ്പിച്ച നവരാത്രി ആഘോഷം. ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്, കൃതി സനോൺ, മലൈക അറോറ, ശിൽപ ഷെട്ടി, അജയ് ദേവ്ഗൺ, രശ്മിക മന്ദാന, ബോബി ഡിയോൾ, സെയ്ഫ് അലി ഖാൻ, തെലുങ്ക് സിനിമാലോകത്തു നിന്നും നാഗചൈതന്യ, തമിഴകത്തുനിന്നും പ്രഭു, മലയാളത്തിന്റെ പ്രിയതാരങ്ങളായ ടൊവിനോ തോമസ്, ദിലീപ്, കാവ്യാ മാധവൻ, അന്ന ബെൻ, അനാർക്കലി മരിക്കാർ തുടങ്ങിയവരെല്ലാം നവരാത്രി ആഘോഷങ്ങൾക്കായി എത്തിച്ചേർന്നിരുന്നു.
നവരാത്രി ആഘോഷങ്ങൾക്കെത്തിയ ദിലീപിന്റെയും കുടുംബത്തിന്റെയും വീഡിയോയും ചിത്രവുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മക്കളായ മീനാക്ഷി, മാമാട്ടി എന്നു വിളിക്കുന്ന മഹാലക്ഷ്മി എന്നിവർക്കൊപ്പമാണ് ദിലീപ് എത്തിയത്.
മീനാക്ഷിയും മാമാട്ടിയും ഗോൾഡൻ ഷെയ്ഡിലുള്ള വസ്ത്രങ്ങളാണ് ധരിച്ചത്. ഇൻഡിഗോ നിറത്തിലുള്ള ഒരു അനാർക്കലി സൽവാർ സെറ്റായിരുന്നു കാവ്യയുടെ വേഷം.
ഫോട്ടോയ്ക്കായി പോസ് ചെയ്യുന്ന ദിലീപ്, കാവ്യ, മീനാക്ഷി, മഹാലക്ഷ്മി എന്നിവരെയും ഒരു വീഡിയോയിൽ കാണാം. എന്നാൽ കുസൃതി നിറഞ്ഞ നോട്ടവും ലുക്കുമൊക്കെയായി കുടുംബഫോട്ടോ മാമാട്ടി കൊണ്ടുപോയി എന്നാണ് ആരാധകർ കമന്റു ചെയ്യുന്നത്.






