
കൊച്ചി: ലഹരിക്കേസില്‍ പിടിയിലായ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ മുറിയില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയിരുന്നതായി പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. സ്ത്രീകളടക്കം ഇരുപതോളം പേര് ഇയാളുടെ മുറിയില്‍ എത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്.
മുറിയിലെത്തിയ ആളുകളെ ചോദ്യം ചെയ്യണമെന്നാണ് അനേ്വഷണ സംഘത്തിന്റെ ആവശ്യം. അതേസമയം, കേസില്‍ പ്രതി ഓം പ്രകാശിനും മുഖ്യപ്രതി ഷിഹാസിനും കോടതി ജാമ്യം അനുവദിച്ചു. പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചുവെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു കോടതി വിലയിരുത്തി. കൊക്കെയ്ന്‍ സൂക്ഷിച്ചിരുന്ന കവര്‍ മാത്രമാണു പിടികൂടാനായതെന്നും കോടതി കണ്ടെത്തി. പ്രതികളെ രണ്ടുദിവസം കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടു പോലീസ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതു തള്ളിയ കോടതി പ്രതികള്‍ക്കു ജാമ്യം അനുവദിക്കുകയായിരുന്നു.
ലഹരിക്കേസില്‍ ഇന്നലെയാണ് ഓംപ്രകാശിനെ പോലീസ് അറസ്റ്റു ചെയ്തത്. ലഹരിപ്പാര്‍ട്ടി നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നു കുണ്ടന്നൂരിലെ ഹോട്ടലില്‍ നടത്തിയ തിരച്ചിലില്‍ ഇയാള്‍ പിടിയിലാകുകയായിരുന്നു. മുഖ്യപ്രതി ഷിഹാസിനെയും ഇയാള്‍ക്കൊപ്പമാണു പിടികൂടിയത്.
തലസ്ഥാനം കേന്ദ്രീകരിച്ചു വര്‍ഷങ്ങളായി ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുന്ന ഓം പ്രകാശിന്റെ സാന്നിധ്യം രണ്ടു ദിവസമായി കൊച്ചിയില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന തുടങ്ങിയിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരി ഇടപാടെന്ന സംശയത്തില്‍ നാര്‍ക്കോട്ടിക് വിഭാഗവും പരിശോധന നടത്തിയിരുന്നു. ഇയാള്‍ ബുക്ക് ചെയ്ത മുറിയില്‍ സിനിമാ താരങ്ങള്‍ എത്തിയിരുന്നതായി പോലീസിനു സംശയമുണ്ടായിരുന്നു. ഇതനുസരിച്ച് അനേ്വഷണം വ്യാപിച്ചിരുന്നു.
പാറ്റൂര്‍ ഗുണ്ടാ ആക്രമണ കേസിലെ മുഖ്യപ്രതിയായിരുന്ന ഓംപ്രകാശ് ഒരു മാസം മുമ്പു തിരുവനന്തപുരത്ത് വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലും പോലീസ് കസ്റ്റഡിയിലായിരുന്നു. പല സാമ്പത്തിക ഇടപാടുകളും കരാറുകളുമായി ബന്ധപ്പെട്ട് കൊച്ചിയിലും ഗോവയിലും സംസ്ഥാനത്തിന് പുറത്തും ഇയാള്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. വിവാദമായ മുത്തൂറ്റ് പോള്‍ ജോര്‍ജ് വധക്കേസിലും പ്രതിയാണ്. കൊലപാതകം ഉള്‍പ്പെടെ ഇരുപതിലേറെ കേസുകള്‍ ഓംപ്രകാശിനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതിനിടെ, ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ സിനിമാതാരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡി.സി.പി: കെ.എസ്. സുദര്ശന് അറിയിച്ചു. കൂടുതല്‍ തെളിവുകള്‍ ലഭിച്ച ശേഷമായിരിക്കും താരങ്ങളെ ചോദ്യം ചെയ്യുക. കൊച്ചിയില്‍ നടന്ന ഡി.ജെ. പാര്‍ട്ടിയെക്കുറിച്ചും അനേ്വഷിക്കും. പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ വിശദ പരിശോധനക്ക് അയച്ചെന്നും അദ്ദേഹം അറിയിച്ചു.






