
സിനിമാതാരങ്ങളെപ്പോലെ തന്നെ സീരിയല്‍ താരങ്ങളെയും ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നവരാണ് ഇന്നത്തെ പ്രേക്ഷകര്‍. കുടുംബപ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ക്കുന്ന ഒരുപാട് സീരിയല്‍ താരങ്ങളുണ്ട്. അക്കൂട്ടത്തില്‍ മുന്‍പന്തിയിലാണ് സീരിയല്‍ പ്രേമികള്‍ക്കും കുടുംബപ്രേക്ഷകർക്കും പ്രിയപ്പെട്ട താരദമ്പതിമാരായ യുവ കൃഷ്ണയും മൃദുല വിജയിയും. ഇരുവരുടേയും മകള്‍ ധ്വനിയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. ഇവര്‍ രണ്ടാളും എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയ വഴിയും യൂട്യൂബ് ചാനല്‍ വഴിയും പങ്കിടാറുണ്ട്. മകളെ ഗർഭിണിയായിരുന്ന സമയത്ത് മൃദുല കുറച്ച് കാലം അഭിനയത്തില്‍ നിന്നും വിട്ടുനിന്നിരുന്നു. എന്നാലിപ്പോള്‍ രണ്ടുപേരും അഭിനയരംഗത്ത് സജീവമാണ്.
ഇപ്പോഴിതാ പുതിയ സീരിയലിന്റെയും കുടുംബ വിശേഷങ്ങളും പങ്കിടുകയാണ് യുവ കൃഷ്ണ. രണ്ടുപേരുടെയും ഷൂട്ടിങ് ഷെഡ്യൂളുകള്‍ വ്യത്യസ്തമായതിനാല്‍ ഒരുമിച്ച് ചിലവഴിക്കുന്ന സമയം കുറഞ്ഞിട്ടുണ്ടെന്നാണ് യുവ പറയുന്നത്. മൃദുലയുടെ പരാതിയും വഴക്കും ഇതിന്റെ പേരിലാണെന്നും താരം പറയുന്നു. ‘‘മഞ്ഞില്‍ വിരിഞ്ഞ പൂവായിരുന്നു എന്റെ ആദ്യ സീരിയല്‍. അതേസമയം സുന്ദരി എന്ന സീരിയലിലും അഭിനയിച്ചിരുന്നു. സുന്ദരി സീരിയല്‍ അവസാനിച്ചിരിക്കുന്ന സമയത്താണ് അഭിയുടേയും ജാനകിയുടേയും വീട് എന്ന സീരിയയിലേക്ക് വിളി വരുന്നത്.
മൃദുലയുടെ കൂടെ നായകനായി അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. ഒരുമിച്ച് ഒരു സീരിയല്‍ ചെയ്യാൻ കഴിയുമെന്ന്പ്രതീക്ഷിക്കുന്നു. യുട്യൂബ് ചാനലില്‍ ആക്ടീവല്ലാത്തതിന് പിന്നിലെ കാരണം ഞങ്ങള്‍ രണ്ടുപേരും പുതിയ പ്രോജക്ടുമായി ബിസിയായതു കൊണ്ടാണ്. മൃദുലയുടെ ഷൂട്ട് തിരുവനന്തപുരത്തും എന്റേത് ആലുവയുമാണ്. ഞങ്ങളുടെ ഷെഡ്യൂളും വ്യത്യസ്തമാണ്.അതുകൊണ്ട് തന്നെ ഒരുമിച്ചൊരു ഫ്രീ ടൈം കിട്ടാറില്ല. മൂന്ന്, നാല് മാസമായി ഇതാണ് സിറ്റുവേഷൻ. ഫ്രീ ടൈം കണ്ടെത്തി യുട്യൂബ് വീഡിയോകള്‍ ചെയ്യണമെന്ന് വിചാരിക്കുന്നു. രണ്ട് വയസുള്ള ഞങ്ങളുടെ ധ്വനിക്ക് എനിക്കും മൃദുലയ്ക്കും ഉള്ളതു പോലെ ആരാധകരുണ്ടെന്നുള്ളതില് വലിയ സന്തോഷമുണ്ട്. എനിക്ക് വിഷമമുണ്ട് മോളുടെ വളർച്ചയുടെ കാലഘട്ടമായ ഈ ഒരു സ്റ്റേജില്‍ കൂടുതല്‍ സമയം അവള്‍ക്കൊപ്പം ചിലവഴിക്കാൻ കഴിയുന്നില്ല എന്നതില്‍.
ആദ്യത്തെ രണ്ട് പ്രോജക്ടുകള്‍ ചെയ്തുകൊണ്ടിരുന്ന സമയത്തായിരുന്നു മോളുടെ ജനനം. മോള്‍ക്ക് ഒരു വയസായപ്പോഴേക്കും ഞാൻ മുഴുവൻ ബിസിയായി. അതുകൊണ്ട് തന്നെ ഞാൻ വീട്ടില്‍ വരുമ്പോള്‍ മോള്‍ക്ക് എന്നെ മനസിലാകുമായിരുന്നില്ല. അവള് പരിചയം കാണിക്കാറില്ലായിരുന്നു. ഒരു അപരിചിതനോട് പെരുമാറുന്നത് പോലെയായിരുന്നു. അതുകണ്ട് എനിക്ക് വിഷമമായി. നമ്മുടെ മോളുടെ വളർച്ചയുടെ ഒരു പാർട്ട് ആകാൻ പറ്റിയില്ലല്ലോയെന്ന് ആലോചിച്ച്. അതുകൊണ്ട് അന്ന് തീരുമാനിച്ചതാണ് ഒരു സമയം ഒരു പ്രോജക്ടിലെ കമ്മിറ്റി ചെയ്യൂവെന്നത്. ഇപ്പോള്‍ ഒരു സീരിയലില്‍ മാത്രമെ അഭിനയിക്കുന്നുള്ളു. ബാക്കിയുള്ള സമയത്തെല്ലാം മകള്‍ക്കൊപ്പം സമയം ചിലവഴിക്കും. പിന്നെ മൃദുലയും സീരിയല്‍ രംഗത്തുള്ള വ്യക്തിയായതിനാല്‍ വളരെ അണ്ടർസ്റ്റാന്റിങ്ങാണ്.
പക്ഷെ അടുത്തിടെയായി ഒരുമിച്ച് ടൈം സ്പെന്റ് ചെയ്യാൻ കിട്ടുന്നില്ല എന്റെ കെയറിങ് കുറഞ്ഞുപോകുന്നുവെന്ന് പറഞ്ഞ് മൃദുല വഴക്കിടുന്നുണ്ട്. സിനിമയില്‍ അരങ്ങേറാൻ ശ്രമിക്കുന്നുണ്ട്. അവസരങ്ങള്‍ ചോദിക്കാറുണ്ട്. ചാൻസ് ചോദിക്കുമ്പോള്‍ നോക്കാമെന്ന് പറയുമെങ്കിലും പിന്നീട് അവസരം വന്നിട്ടില്ല. സിനിമയില്‍ കോണ്ടാക്ട് ബില്‍ഡ് ചെയ്ത് അവർക്കിടയില്‍ നിന്നാലെ അവസരങ്ങള്‍ കിട്ടു. സീരിയല്‍ കഴിഞ്ഞിട്ട് സിനിമയില്‍ അവസരം അന്വേഷിച്ച് പോകാനുള്ള സമയവും കിട്ടുന്നില്ല....’’ യുവ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് യുവ കൃഷ്ണ മനസ്സ് തുറന്നത്.
മൃദുലയുടെയും യുവയുടേയും അറേഞ്ച്ഡ് മാരേജായിരുന്നു. നടി രേഖ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്, അങ്ങനെയാണ് വിവാഹിതരാകാമെന്ന തീരുമാനത്തിലേക്ക് എത്തിയത്. സിനിമയില്‍ നിന്നാണ് മൃദുല സീരിയലിലേക്ക് എത്തിയത്.
യുവകൃഷ്ണ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ജാനകിയുടേയും അഭിയുടേയും വീട് എന്ന സീരിയലിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സാന്ത്വനത്തിലൂടെ ജനപ്രിയയായ രക്ഷ രാജാണ് സീരിയലില്‍ യുവയുടെ നായിക.ഏഷ്യനെറ്റിലെ തന്നെ മറ്റൊരു സീരിയലിലായ ഇഷ്ടമാത്രത്തിലാണ് മൃദുല അഭിനയിക്കുന്നത്.






