
ഗാസിയാബാദില്‍ നവരാത്രിയോട് വ്രതം അനുഷ്ടിക്കാനായി ബക്ക് വീറ്റ് പൊടി കൊണ്ട് ഉണ്ടാക്കിയ പലഹാരം കഴിച്ച 50 ലേറെ പേർ ആശുപത്രിയിൽ. ഗാസിയാബാദിലെ നന്ദഗ്രാം സെക്ടർ സിയിലെ ഒരു കടയിൽ നിന്ന് വാങ്ങിയ ബക്ക് വീറ്റ് പൊടി കൊണ്ട് നിർമ്മിച്ച പലഹാരം കഴിച്ചവർക്കാണ് ശാരീരികാസ്വാസ്ഥ്യം നേരിട്ടത്. 50 ലേറെ പേരെയാണ് വ്യാഴാഴ്ച രാത്രി ശർദ്ദിയും കടുത്ത വയറുവേദനയുമായി വിവിധ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ചത്.
ബക്ക് വീറ്റ് കൊണ്ടുള്ള പൂരിയാണ് ഇവരിൽ മിക്കവരും കഴിച്ചത്. ഭക്ഷണം കഴിച്ച ശേഷം വിശ്രമിക്കാൻ കിടന്നതോടെ അസ്വസ്ഥത അനുഭവപ്പെട്ടാണ് മിക്കവരും ചികിത്സ തേടിയത്. കാലുകളിലെ സ്പർശന ശേഷി അടക്കം ചിലർക്ക് നഷ്ടമായെന്ന തോന്നല്‍ പ്രകടിപ്പിച്ചതോടെയാണ് ആരോഗ്യ വകുപ്പ് ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഈ കടയിൽ നിന്നുള്ള ബക്ക് വീറ്റ് പൊടിയുടെ മുഴുവൻ പാക്കറ്റുകളും ഭക്ഷ്യ സുരക്ഷാ വിഭാഗം പിടിച്ചെടുത്തു.






