
ബിഗ് സ്ക്രീനിലെ താരങ്ങള്‍ പോലെ തന്നെ സീരിയല്‍ താരങ്ങളോടും പ്രത്യേക ഒരിഷ്ടമുണ്ട് ആരാധകര്‍ക്ക്. കുടുംബപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള സീരിയലുകളിലെ താരങ്ങളോട് സ്വന്തം വീട്ടിലെ അംഗമെന്ന പോലെയാണ് ആരാധകര്‍ പെരുമാറാറുള്ളത്. പ്രേക്ഷകര്‍ക്ക് ഒരുപാടിഷ്ടമുള്ള സീരിയലുകളില്‍ ഒന്നാണ് മൗനരാഗം. ഈ സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനും പ്രിയങ്കരനും ആയ താരമാണ് കാര്‍ത്തിക് പ്രസാദ്.
ബൈജു എന്ന നിഷ്കളങ്ക കഥാപാത്രമായിട്ടാണ് കാര്‍ത്തിക് മൗനരാഗത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. എന്നാല്‍ മാസങ്ങള്‍ക്ക് മുൻപായിരുന്നു കാര്‍ത്തിക്കിന് ഒരു അപകടം സംഭവിച്ചത്. മൗനരാഗത്തിലെ ഒട്ടുമിക്ക ആർട്ടിസ്റ്റുകളും കാർത്തിക്കിന്റെ അവസ്ഥയെക്കുറിച്ചു സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
ഇപ്പോഴിതാ വീണ്ടും മൗനരാഗം സെറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് കാർത്തിക്. മൗനരാഗം ടീം വളരെ ആവേശത്തോടെയും ആഹ്ലാദത്തോടെയുമാണ് കാർത്തിക്കിന്റെ തിരിച്ച് വരവ് ആഘോഷിച്ചത്. താരങ്ങളെല്ലാം ചേർന്ന് വൻ സ്വീകരണം താരത്തിന് വേണ്ടി ഒരുക്കി. ഐശ്വര്യ റംസായി പൂവ് കൊടുത്ത് സ്വീകരിച്ചു, നലീഫ് ജിയ പൂമാലയിട്ട് താരത്തെ വരവേറ്റു. ‘‘താങ്ക്യൂ മൗനരാഗം ടീം. അപകടം കഴിഞ്ഞ് 8 മാസത്തിനു ശേഷം ലൊക്കേഷനിലേക്ക് എത്തിയപ്പോൾ മൗനരാഗം ടീം തന്ന സ്നേഹം...’’ എന്നാണ് വീഡിയോ പങ്കിട്ട് കാര്‍ത്തിക് കുറിച്ചത്. പടക്കം പൊട്ടിച്ചും നൃത്തമാടിയും മൗനരാഗം ടീം അവരുടെ സ്വന്തം ബൈജുവിനെ എതിരേറ്റ വീഡിയോ ഏറ്റെടുക്കുകയാണ് ആരാധകര്‍.
മൗനരാഗത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് രാത്രിയില്‍ കാർത്തിക് മടങ്ങവെയാണ് ഒരു ബസ് വന്ന് താരത്തെ ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ കാർത്തിക്കിനെ ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. കാലിനായിരുന്നു കാർത്തിക്കിന് ഗുരുതരമായി പരിക്കേറ്റത്. തലയ്ക്കും കാലിനുമുണ്ടായ പൊട്ടലുകള്‍ക്ക് രണ്ട് ശസ്ത്രക്രിയകള്‍ നടത്തി. മുഖത്ത് ചെറിയ പരിക്കുകളുള്ളതിനാല്‍ പ്ലാസ്റ്റിക് സർജറിയും നടത്തി. ഇപ്പോഴതില്‍ നിന്നെല്ലാം സുഖം പ്രാപിച്ച് വീണ്ടും സെറ്റിലെത്തിയിരിക്കുകയാണ് താരം.






