
വഡോദര: പുതിയ ചിത്രമായ റായീസിന്റെ പ്രചരണത്തിനായി ട്രെയിനില്‍ സഞ്ചരിച്ച ഷാരൂഖ് ഖാനെ കാണാനെത്തിയ ആള്‍ക്കൂട്ടത്തിനിടയില്‍പ്പെട്ട് ആരാധകന് മരിച്ചു. പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകനായ ഫര്ഹീന് ഖാന് ഷേറാണി ആണ് മരിച്ചത്. അനിയന്ത്രിതമായ തിരക്കില്‍ രണ്ടു പൊലീസുകാര്‍ക്കും പരിക്കേറ്റു. ഇന്നലെ രാത്രി വഡോദര റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം.
റായീസിന്റെ പ്രചരണത്തിനായി ഷാരൂഖും മറ്റ് അണിയറപ്രവര്‍ത്തകരും ആഗസ്റ്റ് ക്രാന്തി എക്സ്പ്രസില്‍ മുംബൈയില്‍ നിന്ന് ന്യൂഡല്‍ഹി വരെ യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെ വഡോദര റെയില്‍വേ സ്റ്റേഷനില്‍ ആരാധകര്‍ കാത്തു നില്‍ക്കുകയായിരുന്നു. ക്രിക്കറ്റ് താരങ്ങളായ ഇര്ഫാന് പഠാനും യൂസഫ് പഠാനുമുള്പ്പെടെ ഷാരൂഖിനെ കാണാന്‍ എത്തിയിരുന്നു.
ഇന്നലെ(ജനു23) രാത്രി 10.30യ്ക്കാണ് ട്രെയിന്‍ വഡോദരയിലെത്തിയത്. ട്രെയിന്‍ നിര്‍ത്തിയ ഉടന്‍ ആരാധകര്‍ തിക്കി തിരക്കാന്‍ തുടങ്ങി. ഇതോടെ അകത്തു നിന്നു തന്നെ ഷാരൂഖ് ആരാധകരോട് മൈക്കിലൂടെ സംസാരിച്ചു. പത്തു മിനിറ്റിന് ശേഷം ട്രെയിന്‍ എടുത്തപ്പോള്‍ ആരാധകര്‍ ട്രെയിനിനൊപ്പം ഓടിയതാണ് ഷേറാണിയുടെ മരണത്തിലെത്തിയത്. തിരക്കിനിടയില്‍ വീണ് ശ്വാസം കിട്ടാതെയായിരുന്നു മരണം. റായീസിനായി ടീം ട്രെയിനില്‍ സഞ്ചരിക്കുന്ന കാര്യം ഷാരൂഖും മറ്റ് അംഗങ്ങളും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.






