
തെലങ്കാനയിലെ മോൻഡിഗുട്ടയിൽ മൃഗശാലയിൽ നിന്ന് മൃഗങ്ങളെ മാറ്റുന്നതിനിടെ ലോറി തലകീഴായി മറിഞ്ഞു. ജനവാസമേഖലയിലേക്ക് മുതലകൾ രക്ഷപ്പെട്ടു . രണ്ട് വെള്ള കടുവ അടക്കമുള്ള മൃഗങ്ങളാണ് ലോറിയിലുണ്ടായിരുന്നത്. അമിത വേഗതയിൽ സഞ്ചരിച്ചിരുന്ന ലോറി ദേശീയ പാതയിൽ തലകീഴായാണ് മറിഞ്ഞത്. ബീഹാറിലെ പട്നയിൽ നിന്ന് കർണാടകയിലെ മൃഗശാലയിലേക്കായിരുന്നു മൃഗങ്ങളെ മാറ്റിയിരുന്നത്.
അമിത വേഗതയിൽ സഞ്ചരിച്ചിരുന്ന ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷമാണ് തലകീഴായി മറിഞ്ഞത്. വ്യാഴാഴ്ചയായിരുന്നു അപകടം. ദേശീയ പാത 44ആയിരുന്നു അപകടമുണ്ടായത്. എട്ട് മുതലകളായിരുന്നു ലോറിയിലെ കൂടിലുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ രണ്ട് മുതലകളാണ് സമീപ മേഖലകളിലേക്ക് രക്ഷപ്പെട്ടത്.
വിവരമറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ വനംവകുപ്പ് അധികൃതരും പോലീസും നാട്ടുകാരും ചേർന്നാണ് മുതലകളെ പിടികൂടിയത്. ഇവയെ മറ്റൊരു വാഹനത്തിലാക്കി ബെംഗളൂരുവിലെ ബന്നർഘട്ട നാഷണൽ പാർക്കിലേക്ക് അയച്ചു. പട്നയിലെ സഞ്ജയ് ഗാന്ധി ബയോളജിക്കൽ പാർക്കിൽ നിന്ന് മൃഗങ്ങളുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ പശ്ചിമ ബംഗാളിലെ സാങ്ക്പൂർ സ്വദേശിയായ 51കാരൻ അബ്ദുൾ മന്നൻ മണ്ഡലിനെതിരെ പോലീസ് കേസെടുത്തു.






