
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സത്യം സത്യമായി പറഞ്ഞിട്ടുണ്ടെന്നും സത്യം പുറത്തുവരുമെന്നും കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്. കണ്ണൂര്‍ ജില്ലാ കളക്ടറുടെ സാക്ഷി മൊഴി രേഖപ്പെടുത്തി. തന്റെ ഭാഗം വ്യക്തമാക്കിയിട്ടുണ്ടെന്നും എല്ലാ കാര്യങ്ങളും സത്യമായി പറഞ്ഞിട്ടുണ്ടെന്നും നടപടി ക്രമങ്ങള്‍ക്ക് ശേഷം അതെല്ലാം സര്‍ക്കാര്‍ വെളിപ്പെടുത്തുമെന്നും കളക്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
സംഭവത്തില്‍ വകുപ്പ് തലത്തില്‍ വിശദമായ അന്വേഷണം നടത്തുന്ന ലാന്‍ഡ് റവന്യു വിഭാഗം ജോയിന്റ് കമ്മീഷണര്‍ക്ക് മുന്നിലാണ് കണ്ണൂര്‍ കളക്ടര്‍ മൊഴി നല്‍കിയത്. അതേസമയം നവീന്‍ ബാബുവിനെതിരെ നേരത്തെ പരാതി ലഭിച്ചിരുന്നോ എന്നത് സംബന്ധിച്ച ചോദ്യത്തോട് കളക്ടര്‍ പ്രതികരിച്ചില്ല. വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് വിവരം.
യാത്രയയപ്പ് യോഗത്തിലും അതിനു ശേഷവും നടന്ന കാര്യങ്ങള്‍, പെട്രോള്‍ പമ്പിന് അനുമതി നല്‍കിയതില്‍ ഫയല്‍ നീക്കം വൈകിയോ, കൈക്കൂലി ആരോപണത്തിന്റെ നിജസ്ഥിതി എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ശേഖരിച്ചത്. നേരത്തേ ചടങ്ങിലെത്തിയത് ക്ഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണെന്ന പി പി ദിവ്യയുടെ വാദത്തെ കളക്ടര്‍ തള്ളിയിരുന്നു. എഡിഎമ്മിന്റെ യാത്രയയപ്പ് സമയം മാറ്റിയിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു.
ദിവ്യയ്ക്ക് പങ്കെടുക്കാന്‍ വേണ്ടിയാണ് രാവിലെ നടക്കേണ്ടിയിരുന്ന സമ്മേളനത്തിന്റെ സമയം മാറ്റിയതെന്നും യാത്രയയപ്പ് സമ്മേളനം വേണെന്ന് പറഞ്ഞ് നവീന്‍ ബാബുവിനെ നിര്‍ബ്ബന്ധിച്ചു കൊണ്ടുവരികയായിരുന്നെന്നും ആരോപണം ഉയര്‍ന്നിരുന്നു.






