
ലഖ്നൗ: നാലു മാസം മുമ്പ് കാണാതായ ഭര്‍തൃമതിയായ യുവതിയുടെ മൃതദേഹം വി.വി.ഐ.പി. മേഖലയിലെ ജില്ലാ മജിസ്ട്രേറ്റിന്റെ ഒൗദ്യോഗികവസതിക്കു സമീപത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ കാമുകനായ ജിം ട്രെയിനര്‍ അറസ്റ്റില്‍. കാണ്‍പുര്‍ സ്വദേശി ഏക്താ ഗുപ്ത(32) കൊല്ലപ്പെട്ട സംഭവത്തില്‍ ജിം ട്രെയിനറായ വിശാല്‍ സോണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ജിമ്മില്‍ പരിശീലനത്തിനെത്തിയ ഏക്തയും വിശാലുമായി അടുപ്പത്തിലായിരുന്നു. എന്നാല്‍, മറ്റൊരു യുവതിയുമായുള്ള വിശാലിന്റെ വിവാഹനിശ്ചയത്തെ ഏക്ത എതിര്‍ത്തു. ഇതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പോലീസ് പറഞ്ഞു. നാലു മാസം മുമ്പ് നടന്ന കൊലപാതകത്തിലെ പ്രതിയെ പോലീസ് സമഗ്രമായ അന്വേഷണത്തിലൂടെയാണ് കണ്ടെത്തിയത്. വി.വി.ഐ.പി. മേഖലയില്‍ മൃതദേഹം ആരുമറിയാതെ എങ്ങനെ കുഴിച്ചിട്ടു എന്നതടക്കമുള്ള ചോദ്യങ്ങള്‍ പോലീസിനെ കുഴപ്പിക്കുന്നുണ്ട്. ജൂണ്‍ 24-നാണ് ഏക്ത കൊല്ലപ്പെട്ടത്.
അന്ന് ജിമ്മിലെത്തിയ ഏക്തയും വിശാലുമായി വിവാഹനിശ്ചയത്തെച്ചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇരുവരും ഒന്നിച്ച് ജിമ്മില്‍നിന്നു പുറത്തേക്കുപോയി. കാറില്‍ വച്ച് വീണ്ടും തര്‍ക്കമുണ്ടാവുകയും വിശാല്‍ ഏക്തയെ മര്‍ദിക്കുകയുമായിരുന്നു. ബോധരഹിതയായ യുവതിയെ വിശാല്‍ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കാറില്‍ കാണ്‍പുരിലെ വി.വി.ഐ.പി. മേഖലയിലെത്തിച്ചു.
ജില്ലാ മജിസ്ട്രേറ്റിന്റെ ഒൗദ്യോഗികവസതിക്കു സമീപത്ത് മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു. വിശാല്‍ നല്കിയ വിവരം അനുസരിച്ച് പ്രദേശത്ത് തെരച്ചില്‍ നടത്തിയ പോലീസ് മൃതദേഹം കണ്ടെടുത്തു. ഭാര്യയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഏക്തയുടെ ഭര്‍ത്താവ് രാഹുല്‍ ഗുപ്ത നല്കിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഏക്തയും വിശാലും ജിമ്മില്‍നിന്ന് ഒന്നിച്ചു പോകുന്നതിന്റെ സി.സി. ടിവി ദൃശ്യം പോലീസിനു ലഭിച്ചിരുന്നു. എന്നാല്‍, വിശാല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നത് പോലീസിനെ വലച്ചു. പ്രതിയെ കണ്ടുപിടിക്കാന്‍ ഏറെ ബുദ്ധിമുട്ടിയെന്നും പുനെയിലേക്കും ആഗ്രയിലേക്കുമുള്പ്പെടെ അനേ്വഷണം വ്യാപിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു.
ദൃശ്യം സിനിമയുടെ ഹിന്ദി പതിപ്പില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഉന്നതര്‍ താമസിക്കുന്ന വി.വി.ഐ.പി. മേഖലയില്‍ മൃതദേഹം കുഴിച്ചിടാന്‍ വിശാല്‍ തീരുമാനിച്ചതെന്നു പോലീസ് പറഞ്ഞു. ഇത്തരം മേഖലയില്‍ മൃതദേഹം കുഴിച്ചിടുമെന്ന് പോലീസ് സംശയിക്കില്ലെന്നായിരുന്നു വിശാലിന്റെ കണക്കുകൂട്ടല്‍. ഇവിടെയുള്ള വീടുകളില്‍ സി.സി. ടിവി ക്യാമറകളും സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്. ഇവരുടെയെല്ലാം കണ്ണുവെട്ടിച്ച് മൃതദേഹം കുഴിച്ചിട്ടതെങ്ങനെയെന്നാണ് പോലീസ് അനേ്വഷിക്കുന്നത്.






