
തിരുവനന്തപുരം : എന്‍സിപി നേതാവ് തോമസ് കെ തോമസിനെതിരേ ഉയര്‍ന്ന കോഴ ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാര്‍. സംഭവത്തില്‍ ആരും പരാതി നല്‍കാത്ത സാഹചര്യത്തിലാണ് അന്വേഷണം വേണ്ടെന്ന് വെച്ചിരിക്കുന്നത്. ആരോപണത്തില്‍ പരാതി നല്‍കുമെന്ന് നേരത്തെ തോമസ് കെ. തോമസ് പറഞ്ഞിരുന്നെങ്കിലും അദ്ദേഹവും പരാതി നല്‍കിയിട്ടില്ല.
കൂറുമാറ്റത്തിന് രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തെന്നായിരുന്നു ഉയര്‍ന്ന ആരോപണം. തോമസ് കെ തോമസിന് എന്തുകൊണ്ട് മന്ത്രി സ്ഥാനം നല്‍കുന്നില്ലെന്ന ചോദ്യത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ സാമ്പത്തീകവിഷയം കാരണം തെരഞ്ഞെടുപ്പില്‍ ഇഡിയുടെയും മറ്റും സാന്നിദ്ധ്യം ഉണ്ടാകുന്നത് ഗുണകരമാകുമെന്ന വിലയിരുത്തല്‍ മുന്‍നിര്‍ത്തി കൂടിയാണ് അന്വേഷണം സര്‍ക്കാര്‍ വൈകിക്കുന്നതും.
തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പരാതി നല്‍കുമെന്ന് ആവര്‍ത്തിച്ച എന്‍സിപി എംഎല്‍എ തോമസ് കെ തോമസ് അടക്കം ആരും ഇതുവരെയും വിഷയത്തില്‍ പരാതി നല്‍കിയില്ല. ഇടത് എംഎല്‍എമാരെ ബിജെപി പാളയത്തിലേക്ക് എത്തിക്കാന്‍ നീക്കം നടത്തിയെന്നാണ് മന്ത്രിസ്ഥാനത്തിനായി കരുക്കള്‍ നീക്കിയ തോമസ് കെ തോമസിന് നേരെ ഉയര്‍ന്ന ആരോപണം.
കുട്ടനാട് എം.എല്‍.എ്. തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന നിര്‍ദേശം മുഖ്യമന്ത്രി പിണറായി വിജയന് അംഗീകരിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്കു നീങ്ങാന്‍ എന്‍.സി.പി. (ശരത് പവാര്‍ വിഭാഗം). മന്ത്രിയാരാകണമെന്ന് നിശ്ചയിക്കേണ്ടത് പാര്‍ട്ടിയാണ്. എന്‍.സി.പി. ദേശീയ നേതൃത്വം മന്ത്രിയായി തോമസ് കെ. തോമസിനെ തീരുമാനിച്ച് അക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതാണ്. കുറച്ചു ദിവസം കൂടി പാര്‍ട്ടി കാത്തിരിക്കും. അതിന് ശേഷം നിര്‍ണായക തീരുമാനങ്ങളിലേക്ക് പോകുമെന്നു പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.
കേരളത്തില്‍ മുന്നണി മാറുന്നതടക്കം എന്‍.സി.പി. ദേശീയ നേതൃത്വം പരിഗണിക്കുന്നുണ്ട്. ദേശീയ നേതാവായ ശരദ് പവാറിന്റെ വാക്കിനു സി.പി.എം. സര്‍ക്കാര്‍ വില കൊടുക്കാത്തതില്‍ എന്‍.സി.പി. നേതൃത്വത്തിനു കടുത്ത അതൃപ്തിയുണ്ട്. നേരില്‍ കണ്ട് പാര്‍ട്ടി തീരുമാനം അറിയിച്ചിട്ടും മുഖ്യമന്ത്രി അതു കേട്ടില്ലെന്നു എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
തോമസ് കെ. തോമസിനെതിരേ ഉയര്‍ന്ന കോഴ ആരോപണത്തിനു പിന്നില്‍ എന്‍.സി.പിയിലെ പിളര്‍പ്പ് മുതലാക്കി പാര്‍ട്ടി നിര്‍ദേശം തള്ളാനുള്ള ഗൂഢാലോചനയാണെന്നും എന്‍.സി.പി. സംശയിക്കുന്നു. ഇതെല്ലാം പി.സി. ചാക്കോ ശരദ് പവാറിനെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കു കുറച്ചു കൂടി സമയം നല്‍കാമെന്നാണു ശരത് പവാറിന്റെ നിര്‍ദേശം. പാര്‍ട്ടി നിര്‍ദേശം ലംഘിച്ചാലും എ.കെ. ശശീന്ദ്രനെതിരേ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടിയെടുക്കാന്‍ പവാറിനു കഴിയില്ല. അജിത് പവാര്‍ പക്ഷത്തെ യഥാര്‍ഥ എന്‍.സി.പിയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ച സാഹചര്യത്തിലാണിത്.
കുട്ടനാട് സീറ്റ് മാറ്റാര്‍ക്കോ കൊടുക്കാനുള്ള നീക്കമാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്ന് തോമസ് കെ. തോമസും സംശയിക്കുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യാ മുന്നണിയിലാണ് ശരത് പവാറിന്റെ എന്‍.സി.പി. ഇൗ സാഹചര്യത്തില്‍ കേരളത്തില്‍ യു.ഡി.എഫാകും നല്ലതെന്ന ചിന്ത തോമസ് കെ. തോമസിനുണ്ട്. മുഖ്യമന്ത്രിയുടെ അപമാനം സഹിക്കേണ്ടതില്ലെന്ന നിലപാടിലാണ് പിസി ചാക്കോയും. അടുത്ത ഇടതു മുന്നണി യോഗത്തില്‍ ഇൗ വിഷയം ശക്തിയായി ഉന്നയിക്കും. ഉപതെരഞ്ഞെടുപ്പിനു ശേഷവും പുതിയ മന്ത്രിയെ അംഗീകരിച്ചില്ലെങ്കില്‍ പവാറിന്റെ അനുമതിയോടെ സംസ്ഥാന ഘടകം തീരുമാനങ്ങളെടുക്കും.






