
തേങ്കുറിശ്ശി ദുരഭിമാന കൊലയില്‍ പ്രതികള്‍ക്ക് കിട്ടിയ ശിക്ഷ പോരെന്ന് ഭാര്യ ഹരിത. ഇരട്ട ജീവപര്യന്തമെങ്കിലും പ്രതീക്ഷിച്ചിരുന്നതായും കൂടുതല്‍ ശിക്ഷയ്ക്ക് സര്‍ക്കാര്‍ അപ്പീലിന് പോണമെന്നും ഹരിത പറഞ്ഞു. ജീവപര്യന്തം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. പിഴത്തുക ഹരിതയ്ക്ക് നല്കാണം. 2020 ഡിസംബറിലായിരുന്നു അനീഷിനെ പ്രതികള്‍ കൊലപ്പെടുത്തിയത്.
തന്നെക്കൊല്ലുമെന്ന് ഇപ്പോഴും ഭീഷണിയുണ്ടെന്നും പ്രോസിക്യൂഷന് വീഴ്ച പറ്റിയെന്നും ഹരിത പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ഹരിതയുടെ അമ്മാവന് ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ്, ഹരിതയുടെ പിതാവ് തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്.വിനായക റാവുവാണ് ശിക്ഷ വിധിച്ചത്.
2020 ക്രിസ്മസ് ദിനത്തിലായിരുന്നു ഇതരജാതിയില്‍ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷിനെ ഭാര്യയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത്. ഹരിതയുടേയും അനീഷിന്റെയും വിവാഹം കഴിഞ്ഞ് 88 -ാം ദിവസമാണ് അച്ഛനും അമ്മാവന് സുരേഷും ചേര്‍ന്ന് അനീഷിനെ കൊലപ്പെടുത്തിയത്. ഹരിതയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. യാതൊരു കൂസലുമില്ലാതെയാണ് പ്രതികള്‍ കോടതി വിധി കേട്ടത്. കൊല്ലപ്പെടുന്ന ദിവസം അനീഷിന് 27 വയസും ഹരിതയ്ക്ക് 19 വയസുമായിരുന്നു പ്രായം.
സ്കൂളില്‍ പഠിക്കുമ്പോള്‍ മുതലുള്ള ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം ഹരിതയുടെ വീട്ടുകാരുടെ സമ്മതമില്ലാതെ ഇരുവരുടേയും വിവാഹം നടന്നിരുന്നു. ഇത് പിന്നീട് പ്രശ്നമാകുകയും പൊലീസിന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പിന് ശ്രമമുണ്ടാകുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് നടന്നില്ല. സ്റ്റേഷനില്‍ വെച്ച് ഹരിതയുടെ അച്ഛന് പ്രഭുകുമാര്‍ അനീഷിനെ 90 ദിവസത്തിനുളളില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
കേസില്‍ ഇതുവരെയും പ്രതികള്‍ ജാമ്യത്തിലിറങ്ങിയിരുന്നില്ല. ഒരിക്കല്‍ മാത്രമാണ് ജാമ്യാപേക്ഷ നല്‍കിയത്. അത് കോടതി തളളുകയും ചെയ്തു. അതിന് ശേഷം ഇതുവരെയും പ്രതികള്‍ ജാമ്യാപേക്ഷ നല്‍കിയിട്ടില്ല.






