
തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ അറസ്റ്റ് നാടകമാണെന്ന് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ദിവ്യയെ പാർട്ടി ഗ്രാമങ്ങളിൽ ഒളിപ്പിക്കാൻ ശ്രമിച്ചു. ഒരു കുറ്റവാളിക്ക് നൽകാവുന്ന ഏറ്റവും വലിയ സഹായം ആണ് പാർട്ടി നൽകിയത്. ദിവ്യ ഒളിച്ചിരുന്നത് പാർട്ടി ലാവണത്തിലെന്നും അദ്ദേഹം പറഞ്ഞു.
കീഴടങ്ങിയ പി പി ദിവ്യയെ കസ്റ്റഡിയിലെടുത്ത് അന്വേഷണ സംഘം ചോദ്യം ചെയ്യൽ തുടരുകയാണ്. കണ്ണൂർ പോലീസ് കമ്മീഷണറടക്കം ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയാണ് ദിവ്യയെ ചോദ്യം ചെയ്യുന്നത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് തന്നെ ദിവ്യയെ കോടതിയിൽ ഹാജരാക്കാനാണ് പോലീസിന്റ് നീക്കം.
അതേസമയം അറസ്റ്റിന് പിന്നാലെ പി പി ദിവ്യയെയും സിപിഐഎമ്മിനേയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. പി പി ദിവ്യയെ കസ്റ്റഡിയിലെടുത്തുവെന്നത് തെറ്റായ വാദമാണെന്ന് അദ്ദേഹം പറഞ്ഞു. ദിവ്യ പാർട്ടി ഗ്രാമത്തിൽ സംരക്ഷണത്തിലായിരുന്നുവെന്നും പ്രതിപക്ഷം പറഞ്ഞത് മുഴുവൻ ശരിയാണെന്നും വി ഡി സതീശൻ പറഞ്ഞു. 'മുഖ്യമന്ത്രിയുടെ ഓഫീസിലെ കോക്കസിന്റെ നിർദേശ പ്രകാരം സിപിഐഎം ആണ് അവരെ ഒളിപ്പിച്ചത്. അവരെ രക്ഷപ്പെടുത്താനുള്ള മുഴുവൻ ശ്രമവും നടത്തി.
നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് അഴിമതിക്കെതിരെ ശബ്ദമുയർത്തി ഒരു ആദർശത്തിന്റെ പരിപ്രേഷ്യം കൂടി ഈ പ്രതിക്ക് കൊടുക്കാൻ പാർട്ടി ശ്രമിച്ചു. എന്നാൽ ദയനീയമായി പരാജയപ്പെട്ടു. അഴിമതിക്കാരനെന്ന് അദ്ദേഹത്തെ താറടിക്കാനുള്ള ശ്രമം വ്യജ ഒപ്പിലൂടെയാണ് നടത്തിയതെന്ന് മാധ്യമങ്ങൾ തെളിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






