
മുംബൈ: ബിഷ്ണോയ് ഗ്യാംഗിന്റെ നിരന്തര ശല്യത്തിനിടയില്‍ ബോളിവുഡ് നടന് സല്മാന് ഖാന് ചൊവ്വാഴ്ച വീണ്ടും വധഭീഷണി. രണ്ട് കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പണം നല്‍കിയില്ലെങ്കില്‍ സല്മാന് ഖാനെ കൊല്ലുമെന്നാണ് ഭീഷണി. ചൊവ്വാഴ്ച രാവിലെ് മുംബൈ പോലീസിന്റെ ട്രാഫിക് കണ്ട്രോള് റൂമിലേക്കായിരുന്നു ഭീഷണി സന്ദേശം എത്തിയത്.
സംഭവത്തില്‍ അജ്ഞാതനെതിരേ വര്‍ളി പോലീസ് കേസെടുത്തു. ഈ മാസം ആദ്യം മുംബൈ ട്രാഫിക് പോലീസിന്റെ വാട്സ്ആപ്പ് നമ്പറില്‍ അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് സമാനമായ ഭീഷണി സന്ദേശങ്ങള്‍ സല്‍മാനെതിരേ ലഭിച്ചിരുന്നു. സല്മാന് ഖാനും എന്‍സിപി നേതാവ് സീഷാന്‍ സിദ്ദിഖിനും നേരെ വധഭീഷണി മുഴക്കിയെന്നാരോപിച്ച് നോയിഡയില്‍ നിന്നുള്ള 20കാരനെ ഈ ആഴ്ച ആദ്യം പിടികൂടിയിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ബോളിവുഡ് താരത്തിന് നിരന്തരം വധഭീഷണിയുണ്ട്. മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖ് ബിഷ്ണോയി ഗ്യാംഗിനാല്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സല്‍മാന്‍ഖാന്റെ സുരക്ഷയും വര്‍ധിപ്പിച്ചിരുന്നു. ''പ്രതികള്‍ ആദ്യം എംഎല്‍എ സീഷന്‍ സിദ്ദിഖിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് ഭീഷണി സന്ദേശം അയച്ചു, പിന്നീട് അതില്‍ വോയ്സ് കോള്‍ ചെയ്തു, അതില്‍ സിദ്ദിഖിനും നടന് സല്മാന് ഖാനും വധഭീഷണി മുഴക്കി. തിങ്കളാഴ്ച രജിസ്റ്റര്‍ ചെയ്ത കേസില്‍ സാങ്കേതിക തെളിവുകളുടെ സഹായത്തോടെ പ്രതിയെ നോയിഡയില്‍ നിന്ന് പിടികൂടുകയും ചെയ്തു. ബാന്ദ്ര ഈസ്റ്റിലുള്ള സീഷന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസില്‍ വച്ചാണ് വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
സീഷാന്റെ പിതാവ്, മൂന്ന് തവണ എംഎല്‍എയും മുന്‍ സംസ്ഥാന മന്ത്രിയുമായ ബാബ സിദ്ദിഖ് (66), ഒക്ടോബര്‍ 12 ന് ബാന്ദ്രയിലെ മകന്റെ ഓഫീസിന് പുറത്ത് വെടിയേറ്റ് മരിച്ചിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ലോറന്‍സ് ബിഷ്ണോയി സംഘം ബോളിവുഡ് സൂപ്പര്‍താരവുമായി ഉണ്ടായിരുന്ന ബന്ധമാണ് കൊല്ലപ്പെടാനുള്ള ഒരു കാരണമെന്ന് വ്യക്തമാക്കുകയും ചെയ്തു.
ഈ വര്‍ഷം ഏപ്രിലില്‍ മുംബൈയിലെ ബാന്ദ്രയിലുള്ള സല്മാന് ഖാന്റെ വസതിക്ക് പുറത്ത് ബൈക്കിലെത്തിയ രണ്ട് പേര് വെടിയുതിര്‍ത്തിരുന്നു. നടനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ ലോറന്‍സ് ബിഷ്ണോയിയുടെ സംഘമാണ് വെടിവെപ്പുകാര്‍ക്ക് ജോലി നല്‍കിയതെന്നാണ് മുംബൈ പോലീസിന്റെ വാദം. സല്‍മാനെതിരെ കൂടുതല്‍ ആക്രമണത്തിന് ലോറന്‍സ് ബിഷ്ണോയി സംഘം പദ്ധതിയിട്ടിരുന്നതായും താരത്തിന്റെ ജീവന് ഭീഷണിയുണ്ടെന്നും പോലീസ് വെളിപ്പെടുത്തി.






