
മലപ്പുറം: വിവാദങ്ങള്‍ക്കിടെ മലപ്പുറം അരിമ്പ്ര മനങ്ങറ്റ ജുമാ മസ്ജിദ് ഖാസിയായി ചുമതലയേറ്റെടുത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വെള്ളിയാഴ്ച്ചയായ ഇന്നു ജുമഅ നമസ്കാരത്തിനു മുന്നോടിയായി ഉച്ചക്ക് 12 മണിയോടെ പള്ളിയിലെത്തിയാണ് ഖാസി സ്ഥാനം ഏറ്റെടുത്തത്. നേരത്തെ ഉമറലി ശിഹാബ് തങ്ങളായിരുന്നു ഈ പള്ളിയിലെ ഖാസി. അദ്ദേഹത്തിന്റെ മരണശേഷം ഖാസി സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ഖാസി സ്ഥാനത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ആവശ്യമായ ഇസ്ലാമിക വിവരം ഇല്ലെന്ന ഉമ്മര്‍ ഫൈസി മുക്കത്തിന്റെ പരാമര്‍ശം വിവാദമായിരുന്നു. എന്നാല്‍ ഇതേകുറിച്ചൊന്നും പരാമര്‍ശിക്കാതെയായിരുന്നു സാദിഖലി തങ്ങള്‍ ഖാസി സ്ഥാനം ഏറ്റെടുത്തത്. സമസ്തയിലെ പുതിയ വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും പെട്ടന്ന് പരിഹരിക്കപ്പെടെട്ടേയെന്നും അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം സമസ്ത ഇ കെ വിഭാഗം സെക്രട്ടറി മുക്കം ഉമര്‍ ഫൈസിയെ 'സമസ്ത'യില്‍ നിന്ന് പുറത്താക്കണമെന്ന് എടവണ്ണപ്പാറയില്‍ 'സമസ്ത' കോര്‍ഡിനേഷന്‍ കമ്മിറ്റി എടവണ്ണപ്പാറ മേഖല കമ്മിറ്റി സംഘടപിച്ച ആദര്‍ശ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളെ സമൂഹത്തില്‍ ഇകഴ്ത്തി കാണിക്കുന്നതാണ് ഉമര്‍ഫൈസിയുടെ പരാമര്‍ശമെന്ന് പ്രമേയം കുറ്റപ്പെടുത്തി. പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ ഉമര്‍ ഫൈസി നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പശ്ചാതലത്തില്‍ ഉമര്‍ ഫൈസിക്ക് മറുപടിയായിട്ടാണ് എടവണ്ണപ്പാറയില്‍ ആദര്‍ശ സമ്മേളനം സംഘടിപ്പിച്ചത്. ഇ കെ വിഭാഗത്തിലെ മുസ്ലിം ലീഗ് അനുകൂലികളാണ് സമ്മേളനത്തിന്റെ സംഘാടകരും പ്രധാന പ്രാസംഗികരായി എത്തിയതും. മുസ്ലം ലീഗ് കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് പി എ ജബ്ബാര്‍ ഹാജിയാണ് സമ്മേളനത്തിന് സ്വാഗതം പറഞ്ഞത്. ഇ കെ വിഭാഗത്തിലെ ലീഗ് അനുകൂലികളായ 'സുഹാബി' പക്ഷക്കരായ നാസര്‍ ഫൈസി കൂടത്തായി, അബ്ദുസമ്മദ് പൂക്കോട്ടൂര്‍, കെ എ റഹ്മാന് ഫൈസി, സലീം എടക്കര എന്നിവരാണ് സമ്മേളനത്തിലെ മുഖ്യ പ്രഭാഷകരായി എത്തിയത്.
എടവണ്ണപ്പാറ മേഖലയിലെ സംഘടനക്കകത്തെ വിഭാഗിയതയാണ് കാര്യങ്ങള്‍ ഇതിലേക്ക് എത്തിച്ചത് പറഞ്ഞ് പ്രസംഗിച്ച ജബ്ബാര്‍ ഹാജി എസ് കെ എസ് എസ് എഫിനെയും 'ഷജറ' വിഭാഗത്തെയും കടത്തു ഭാഷയില്‍ വിമര്‍ശിച്ചു.ചടങ്ങില്‍ അധ്യക്ഷതവഹിച്ചത് സി ഐ സി വിഷയത്തിലടക്കം മുസ്ലം ലീഗി അനുകൂല നിലപാട് സ്വീകരിച്ച കെ എ റഹ്മാന് ഫൈസിയാണ്. ഉമര്‍ ഫൈസിയെ മാറ്റി നിര്‍ത്തി സമസ്തയെ ശുദ്ധീകരിക്കണമെന്നും പാണക്കാട് കുടുംബത്തെ സമൂഹത്തില്‍ നിന്ന് അടര്‍ത്തി മാറ്റാനുള്ള ശ്രമം ഗൂഢാലോചനയാണെന്നും സമസ്തയും ലീഗും തമ്മിലുള്ള ബന്ധം തകര്‍ക്കാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉമ്മത്തിന് മൂന്ന് ആണിക്കല്ലാണെന്നും അതില്‍ ഒന്ന് 'സമസ്ത'യും മരണ്ടാമത്ത് മുസ്ലിം ലീഗും മൂന്നാമത്ത് പാണക്കാട് തങ്ങളാണെന്നും റഹ്മാന് ഫൈസി പറഞ്ഞു.
സി പി എമ്മിന് വേണ്ടിയുള്ള സമാന്തര പ്രവര്‍ത്തനമാണ് ഉമര്‍ ഫൈസി നടത്തുന്നതെന്നും റഹ്മാന് ഫൈസി വിമര്‍ശിച്ചു. ആര് എസ് എസിനെ പ്രതിരോധിക്കാന്‍ സി പി എമ്മിനെ കഴിയൂ എന്നായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഉമര്‍ ഫൈസി പറഞ്ഞതെന്ന് പറഞ്ഞ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സമദ് പൂക്കോട്ടൂര്‍, പാണക്കാട് കുടുംബം എന്നും സമസ്തയ്ക്ക് ഒപ്പം നിന്നവരാണെന്നും അവരെ മാറ്റി നിര്‍ത്താന്‍ ആര് ശ്രമിച്ചാലും വിജയിക്കില്ലെന്നും സമദ് പൂക്കോട്ടൂര്‍ വ്യക്തമാക്കി.പണ്ഡിതന്മാരല്ലാത്താവരെ ഖാസിയാക്കി അനുഭവം മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുണ്ടന്നും ഇത് കണ്ടാണ് സമൂഹം വളര്‍ന്നതെന്നും സമുദായത്തിന്റെ ഐക്യം നിലനിര്‍ത്തി പോരുന്ന ഖാസിമാരാണ് ഇവിടെയുള്ളതെന്നും അതാണ് ഈ ഖാസി സ്ഥാനത്തിന്റെ ലക്ഷ്യമെന്നും സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.






