
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തലിനു പിന്നില്‍ മുട്ടില്‍ മരംമുറിക്കേസിലെ പ്രതി ആന്റോ അഗസ്റ്റിനാണെന്ന് ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രന്. ആന്റോ അഗസ്റ്റിനെതിരേയും തിരൂര്‍ സതീഷിനെതിരേയും മാനനഷ്ടക്കേസ് കൊടുക്കുമെന്നും ശോഭാ സുരേന്ദ്രന് അയ്യന്തോളിലെ വീട്ടില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
''എനിക്കെതിരേ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ തെളിവ് പുറത്തുവിടണം. എന്നെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. ആന്റോ പറഞ്ഞത് അഞ്ഞൂറു തവണയെങ്കിലും താനവരുടെ വീട്ടില്‍ പോയെന്നാണ്. എന്നാല്‍ രണ്ടു പൂജ്യം വെട്ടി അഞ്ചു തവണയെങ്കിലും വന്നെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു.
ആന്റോ അഗസ്റ്റിന് മാംഗോ ഫോണുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍നിന്ന് കോടികള്‍ തട്ടിയിട്ടുണ്ടെന്നും എത്ര കേസുകള്‍ ഉണ്ടെന്ന് അന്വേഷിക്കണം. പൊന്നാനി പീഡനക്കേസ് ആന്റോ അഗസ്റ്റിന് കെട്ടിച്ചമച്ചതാണ്. പൊന്നാനി കേസില്‍ ആരോപണം ഉന്നയിക്കാന്‍ ആന്റോ പണം വാഗ്ദാനം ചെയ്തു. ബി.ജെ.പി. പ്രവേശനം ആവശ്യപ്പെട്ട് എന്നെ ആന്റോ അഗസ്റ്റിന് സമീപിച്ചിരുന്നു.''-ശോഭ സുരേന്ദ്രന് പറഞ്ഞു. ആന്റോയ്ക്ക് ഗോകുലം ഗോപാലനുമായി എന്താണ് ബന്ധമെന്നും അവര്‍ ചോദിച്ചു. പിണറായിയുടെ പിന്തുണയോടെ നെറികേടുമായി എന്റെയടുത്ത് വരരുത്. അങ്ങനെ വന്നാല്‍ ദുര്ഗയെപോലെ ഇരിക്കാന്‍ മാത്രമല്ല കാളിയെ പോലെ പെരുമാറാനും എനിക്കറിയാം.
ആലപ്പുഴ തെരഞ്ഞെടുപ്പില്‍ എന്നെ തോല്‍പ്പിക്കാനും ഇതുപോലെ ഗൂഢാലോചന നടന്നു. ഒറ്റത്തന്തയ്ക്ക് പിറന്നവനാണെങ്കില്‍ ആന്റോ അഗസ്റ്റിന് ആരോപണങ്ങള്‍ തെളിയക്കണം. കേരളത്തില്‍ പല കള്ളന്മാരേയും കണ്ടിട്ടുണ്ട്. എന്നാല്‍ കള്ളന്മാരില് കാട്ടുകള്ളനാണ് ആന്റോ. വയനാട് ദുരന്തത്തിലും ആന്റോ മുതലെടുപ്പ് നടത്തുന്നുണ്ട്. 150 ഏക്കര്‍ വിട്ടുകൊടുക്കുമെന്ന് പറയുന്നതിലും ഗൂഢലക്ഷ്യങ്ങളുണ്ട്.
ഞാന്‍ ആന്റോക്കിട്ട പേര് മരംകൊത്തി എന്നാണ്. ആന്റോയുടെ കൂട്ടുകാരനായ കാര്‍വാര്‍ എം.എല്‍.എ. പരപ്പന അഗ്രഹാര ജയിലില്‍ കിടക്കുകയാണിപ്പോള്‍. സതീഷിനെ ഇറക്കിയതില്‍ ആന്റോ ഗൂഢാലോചന നടത്തി. എങ്ങനെയാണോ ദിവ്യ, നവീന്‍ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് അതുപോലെ ശോഭാ സുരേന്ദ്രനെ ആത്മഹത്യയിലേക്ക് നയിക്കാന്‍ വേണ്ടി സ്വന്തം ചാനലിനെ ഉപയോഗിച്ചു.
പൊതു സമൂഹത്തിനു മുന്നില്‍ സ്വന്തം ചാനലില്‍ കൂടി ഒരു സ്ത്രീയെ മോശമാക്കാന്‍ ശ്രമിക്കുകയാണ്. മാധ്യമങ്ങള്‍ ഇത്രയും ഇല്ലാത്ത കാലത്ത് പൊതുരംഗത്ത് വന്ന വ്യക്തിയാണു ഞാന്‍. തിരൂര്‍ സതീശന്റെ വീട്ടില്‍ പോയിട്ടില്ല. സഹോദരിയുടെ വീട്ടില്‍ വച്ചെടുത്ത, അസുഖബാധിതയായ അമ്മയെ കാണാനെത്തിയപ്പോള്‍ എടുത്ത ഫോട്ടോയാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.
സതീശന് എന്ന കരു എ.സി. മൊയ്തീന്റെ വീട്ടിലേക്ക് പോയത് മുന്‍ ബി.ജെ.പി. പ്രസിഡന്റായിരുന്ന കൂട്ടു കച്ചവടക്കാരന് ശ്രീശന് അടിയാട്ടിന്റെ ഒപ്പമായിരുന്നു. സാമ്പത്തിക പ്രശ്നത്തില്‍ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയ വ്യക്തിയാണ് ശ്രീശന്.'-ശോഭ സുരേന്ദ്രന് പറഞ്ഞു






