
മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള താരകുടുംബമാണ് സുകുമാരന്റേത്. ഒരു കാലത്ത് നായകനായും വില്ലനായും കരുത്തുറ്റ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ക്ഷുഭിത യൗവ്വനത്തിന്റെ ത്രസിപ്പിക്കുന്ന ഭാവങ്ങളിലൂടെ നടന വിസ്മയം നടത്തിയ സുകുമാരന്‍ ഇന്നും വെള്ളിത്തിരയില്‍ താന്‍ ആടിത്തിമിര്‍ത്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സില്‍ ജീവിക്കുന്നുണ്ട്. സുകുമാരന്റെ ഭാര്യ മല്ലികയും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മരുമക്കളായ പൂര്‍ണ്ണിമയും സുപ്രിയയുമൊക്കെ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ്.
കാലങ്ങളായി മലയാളികള്‍ കാണുന്ന മുഖമാണ് മല്ലിക സുകുമാരന്റേത്. കരിയറിന്റെ തുടക്കത്തില്‍ മലയാളത്തിലെ തിരക്കുള്ള നായികയായിരുന്ന മല്ലിക പിന്നീട് സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. അതിനു ശേഷം ടെലിവിഷന്‍ രംഗത്തിലൂടെയാണ് താരം അഭിനയമേഖലയിലേക്ക് തിരിച്ചുവന്നത്.
കഴിഞ്ഞ ദിവസമായിരുന്നു മല്ലിക സുകുമാരന്റെ എഴുപതാം പിറന്നാള്‍. മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാം ചേർന്ന് ഈ പിറന്നാള്‍ ആഘോഷമാക്കിയിരുന്നു. അതിന്റെ ചിത്രങ്ങള്‍ മല്ലികയും മക്കളുമെല്ലാം പങ്കുവച്ചിട്ടുമുണ്ട്.
ഇപ്പോഴിതാ ചിത്രത്തിനൊപ്പം പൃഥ്വിരാജ് അമ്മയ്ക്കായി കുറിച്ച വരികളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ‘‘കുടുംബത്തിലെ ഏറ്റവും ഇളയ അംഗത്തിന് ജന്മദിനാശംസകള്, എന്നേക്കും 16 വയസ് ആയിരിക്കട്ടെ അമ്മ...’’ എന്നാണ് പൃഥ്വിരാജ് കുറിച്ചത്.
ഇത്തവണ പിറന്നാളിന് എങ്ങും പോകരുതെന്നും പിറന്നാള്‍ ഗംഭീരമാക്കണമെന്നും മല്ലികയോട് മക്കള്‍ പറഞ്ഞിരുന്നു. മാത്രമല്ല ദുബായ് ട്രിപ്പ് വരെ കാൻസല്‍ ചെയ്ത് പൃഥ്വിരാജും കൊച്ചിയിലെത്തി. അത് പ്രകാരം കുടുംബസമേതം നല്ലൊരു പിറന്നാളാണ് മല്ലികയ്ക്ക് ലഭിച്ചത്. പിന്നാലെ അമ്മയുടെ സപ്തതി ആഘോഷമാക്കിയതിന്റെ ചിത്രങ്ങള്‍ പൃഥ്വിരാജ് പങ്കിട്ടിരുന്നു.
മക്കള്‍ക്കും മരുമക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം നിറഞ്ഞ ചിരിയോടെയും സന്തോഷത്തോടെയും നില്ക്കുന്ന മല്ലിക സുകുമാരനെ ചിത്രങ്ങളില്‍ കാണാം. കേക്ക് മുറിക്കുന്ന ചിത്രങ്ങളും ഒരുമിച്ച് എല്ലാവരും കൂടി പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങളില്‍ എല്ലാവരും ശ്രദ്ധിക്കുന്നത് ലൈംലൈറ്റില്‍ പൃഥ്വിരാജ് മാറ്റി നിര്‍ത്തിയിരിക്കുന്ന അലംകൃത എന്ന അല്ലി മോളുടെ ചിത്രങ്ങളാണ്.
പ്രണയവിവാഹവും പിന്നാലെയുണ്ടായ പരാജയവും മല്ലികയുടെ ജീവിതം ഇടക്ക് വച്ച് തളർത്തി കളഞ്ഞപ്പോള്‍ സുകുമാരനാണ് മല്ലികയെ ജീവിതത്തിലേക്ക് കൈപിടിച്ചുയത്തിയത്. അവളുടെ രാവുകള്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് സുകുമാരനും മല്ലികയും അടുത്തത്. പിന്നാലെ മല്ലികയുടെ പിറന്നാള്‍ ദിനത്തില്‍ സുകുമാരൻ സമ്മാനമായി നല്‍കിയത് ഒരു ജീവിതമായിരുന്നു. ഒരു ചെയിനും താലിയും സമ്മാനപ്പൊതിയായി നല്കി സുകുമാരന്‍ മല്ലികയെ സ്വന്തം ജീവിതത്തിലേക്ക് കൂട്ടി. പിന്നീട് വീട്ടുകാരുടെ സമ്മതപ്രകാരം ഇരുവരുടെയും ലളിതമായ വിവാഹം നടക്കുകയും ചെയ്തു.






