
പാര്‍ട്ടിയില്‍ വിശ്വാസമില്ലെന്നും ഇനി നേതാവാകാനില്ലെന്നും പിപി ദിവ്യ പറഞ്ഞതായി റിപ്പോര്‍ട്ട്. പാര്‍ട്ടി നടപടി തന്നെ അപമാനിക്കുന്നതായിരുന്നു എന്നും സിപിഎം തന്നെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞുവെന്നും പറഞ്ഞു. ന്യൂസ് 18 നാണ് പി.പി. ദിവ്യയുടെ അഭിമുഖത്തിന്റെ ഭാഗങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെയായിരുന്നു പി.പി. ദിവ്യ ജാമ്യം നേടി ജയില്‍ മോചിതയായത്.
11 ദിവസങ്ങള്‍ക്ക് ശേഷമാണ് ദിവ്യ ജയില്‍ മോചിതയായത്. സമാന ആക്ഷേപങ്ങള്‍ വന്നപ്പോള്‍ എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയ്ക്കും മുന്‍ സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ് മാത്യുവിനും ലഭിച്ച ആനുകൂല്യം തനിക്ക് ലഭിച്ചില്ലെന്നും 20 വര്‍ഷം പ്രവര്‍ത്തിച്ച പാര്‍ട്ടി തന്നെ വഞ്ചിച്ചെന്നും ഗോഡ് ഫാദര്‍ ഇല്ലാത്തവര്‍ക്ക് പാര്‍ട്ടിയില്‍ നിലനില്‍പ്പില്ലെന്നും ദിവ്യ പ്രതികരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പാര്‍ട്ടിയില്‍ തനിക്ക് ഗോഡ് ഫാദറില്ല. ഇനി സാധാരണ പ്രവര്‍ത്തകയായി തുടരുമെന്നും പറഞ്ഞു. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാന്റില്‍ കഴിയുകയായിരുന്ന പിപി ദിവ്യയ്ക്ക് ഇന്നലെ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. ജയിലില്‍ കിടക്കുന്ന സമയത്ത് പിപി ദിവ്യയെ പാര്‍ട്ടി ജില്ലാകമ്മറ്റിയംഗത്തില് നിന്നും സാധാരണ അംഗത്തിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. ജയിലില്‍ കിടക്കുന്ന സമയത്ത് പാര്‍ട്ടി നടപടിയെടുക്കരുതായിരുന്നെന്ന് ദിവ്യ പ്രതികരിച്ചു.
തരംതാഴ്ത്തുന്ന നടപടിക്ക് മുൻപായി തൻ്റെ ഭാഗം കേൾക്കാത്തത് ശരിയായില്ലെന്ന് ദിവ്യ നേരമത്ത സിപിഎം നേതാക്കളെ വിളിച്ച് അറിയിച്ചിരുന്നു. ബ്രാഞ്ചിൽ മാത്രം ഒതുങ്ങി പ്രവർത്തിക്കാൻ തനിക്കാകില്ല. അങ്ങനെയെങ്കിൽ രാഷ്ട്രീയം പ്രവർത്തനം അവസാനിപ്പിക്കാനും തയ്യാറെന്ന് പറഞ്ഞിരിക്കുകയാണ്. അന്വേഷണം ശരിയായി നടക്കണമെന്നും ദിവ്യ മുതിർന്ന നേതാക്കളോട് ഫോണിൽ ആവശ്യപ്പെട്ടു.






