
കലാരഞ്ജിനി,കല്പന,ഉര്‍വ്വശി... കലാകാരന്മാരാല് സമ്പന്നമായ കുടുംബത്തില്‍ നിന്നെത്തി ഒരു കാലത്ത് മലയാള സിനിമയില്‍ നായികമാരായും കോമഡി കഥാപാത്രങ്ങള്‍ ചെയ്തും തിളങ്ങി നിന്ന സഹോദരിമാരാണിവര്‍. ഇക്കൂട്ടത്തില്‍ നായിക കഥാപാത്രങ്ങള്‍ ചെയ്യാതെ തന്നെ ബിഗ് സ്ക്രീനില്‍ നര്‍മ്മരസമുള്ള കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കല്പന. സഹനടിയായി വെള്ളിത്തിരയില്‍ എത്തിയ താരം മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം സജീവമായിരുന്നു. അകാലത്തില്‍ വേര്‍പെട്ടു പോയ കല്പന മലയാള സിനിമയില്‍ ഒഴിച്ചിട്ടിട്ടു പോയ ആ ഇരിപ്പിടത്തില്‍ ഇരിക്കാന്‍ മാത്രം കഴിവുള്ള ഒരു അഭിനേത്രി ഇതുവരെയും വന്നിട്ടില്ല. കല്പന ഒരു ഓര്‍മ്മയായി വന്നിട്ട് ഏഴ് വര്‍ഷങ്ങള്‍ പിന്നിടുന്നു. മുപ്പത്തിയൊമ്പത് വർഷത്തിനിടയില്‍ മുന്നൂറോളം സിനിമകളില്‍ അഭിനയിച്ച കല്‍പ്പന ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്.
സംവിധായകനായ അനിലായിരുന്നു കല്പ്പനയുടെ ജീവിത പങ്കാളി. പക്ഷെ പൊരുത്തക്കേടുകള്‍ മൂലം കല്‍പ്പന ജീവിച്ചിരുന്നപ്പോള്‍ തന്നെ ഇരുവരും വേർപിരിഞ്ഞു. ഏക മകള്‍ ശ്രീമയി കല്പ്പനയ്ക്കൊപ്പമാണ് വളർന്നത്. കല്പനയുടെ മരണശേഷം താരത്തിന്റെ കുടുംബമാണ് ശ്രീമയിയെ സംരക്ഷിക്കുന്നത്. അനില്‍ വീണ്ടും വിവാഹിതനായി എന്ന വിവരം അടുത്തിടെ ഒരു സെലിബ്രിറ്റി ഫംഗ്ഷനില്‍ പങ്കെടുക്കാൻ രണ്ടാം ഭാര്യയ്ക്കൊപ്പം എത്തിയപ്പോഴാണ് പ്രേക്ഷകർ അറിഞ്ഞത്. അഡ്വക്കേറ്റായ കൃഷ്ണയാണ് അനിലിനെ വിവാഹം ചെയ്തത്.
ആ വീഡിയോ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ മകള്‍ ശ്രീമയിയുമായി അനില്‍ ബന്ധം പുലർത്താത്തതിന്റെ കാരണവും പലരും ചര്‍ച്ച ചെയ്യപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്ക്കുന്ന ശ്രീമയി അമ്മയെക്കുറിച്ച് എപ്പോഴും സംസാരിക്കാറുണ്ടെങ്കിലും അച്ഛനെക്കുറിച്ച് എവിടെയും സംസാരിച്ചിട്ടില്ല. അച്ഛനൊപ്പമുള്ള ഒരു ചിത്രം പോലും താരപുത്രി പങ്കുവയ്ക്കാറില്ല. കല്പ്പനയുമായി വേർപിരിയും മുമ്പ് മകളെ ജീവനായി കൊണ്ടുനടന്നിരുന്നയാളാണ് അനില്‍. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിനിടയില്‍ എന്ത് സംഭവിച്ചുവെന്ന സംശയം അതുകൊണ്ടു തന്നെയാണ് ആരാധകർക്കുണ്ടായത്.
കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അതിനുള്ള കാരണം അനില്‍ വെളിപ്പെടുത്തിയിരുന്നു. ആ അഭിമുഖത്തില്‍ തന്നില്‍ നിന്ന് മകളെ പലരും അടര്‍ത്തി മാറ്റിയെന്ന രീതിയിലാണ് അനില്‍ സംസാരിച്ചത്.
ഇപ്പോഴിതാ അച്ഛന്റെ അഭിമുഖം വൈറലായതിന് പിന്നാലെ ശ്രീമയി ഇൻസ്റ്റഗ്രാമില്‍ പങ്കിട്ട ഒരു വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. കൈക്കുഞ്ഞായ ശ്രീമയിയെ നെഞ്ചോട് ചേർത്ത് ഓമനിക്കുന്ന കല്പ്പനയാണ് വീഡിയോയിലുള്ളത്.
കല്പ്പനയുടെ പ്രസവം കഴിഞ്ഞ് വൈകാതെ പകർത്തിയ വീഡിയോയാണ് ശ്രീമയി പങ്കിട്ടത്. അമ്മ മാത്രമെ തന്നെ എപ്പോഴും സ്നേഹിച്ചിട്ടുള്ളുവെന്ന് അച്ഛനോട് പറയാതെ പറയും പോലെയായിരുന്നു ശ്രീമയിയുടെ വീഡിയോ. കല്പ്പനയുടെ ജീവിതം തന്നെ മകള്‍ക്ക് വേണ്ടിയായിരുന്നു. അമ്മയുടെ തനിപകർപ്പാണ് മകള്‍. ‘കൈക്കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ ആരാണ് നോക്കിയത്, എങ്ങനെയാണ് വളർത്തിയത് എന്നെല്ലാം ഇതിലുണ്ട്...’ എന്നാണ് വീഡിയോ കണ്ടിട്ട് ആരാധകരും കുറിക്കുന്നത്. ഇപ്പോഴും അമ്മയുടെ ഓർമകളാണ് ശ്രീമയിക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പ്രചോദനമെന്ന് താരപുത്രി പറഞ്ഞിട്ടുണ്ട്.
ആ കുസൃതിയും തമാശയും തുറന്ന സംസാരവുമെല്ലാം ശ്രീമയിയിലും കാണാം. അമ്മയുടെ മരണത്തോടെ തകർന്ന് പോയ ജീവിതം ശ്രീമയി തിരികെ പിടിച്ചത് ഉർവശിയുടെ മകള്‍ കുഞ്ഞാറ്റയുടെയും കല്പ്പനയുടെ കുടുംബത്തിന്റെയും സ്നേഹമാണ്. അമ്മ മരിക്കുമ്പോള്‍ പതിനാറു വയസ്സ് ആയിരുന്നു ശ്രീമയിക്ക്. ഇന്നും അമ്മയുടെ ഓർമ്മകള്‍ പറയുമ്പോള്‍ ശ്രീമയിയുടെ കണ്ണുനിറയും.
അനിലിന്റെ വാക്കുകളില്‍ മകള്‍ ശ്രീമയി എപ്പോഴെങ്കിലും തന്നെ തേടി വരുമെന്ന് അനില്‍ പറഞ്ഞിരുന്നു.‘‘വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദം കഴിഞ്ഞ ശ്രീമയി കല്പ്പനയുടെ അമ്മയ്ക്കൊപ്പം ചെന്നൈയിലാണ്. ഇടയ്ക്ക് സിനിമയില്‍ അഭിനയിക്കുന്നുവെന്ന് കേട്ടിരുന്നു. മനസുകൊണ്ട് ഏറ്റവും അടുത്തവരായിരുന്നു ഞങ്ങള്‍.
എന്റെ അമ്മയും സഹോദരിയുമായൊക്കെ അവള് നല്ല അടുപ്പത്തിലായിരുന്നു. കല്‍പ്പന മരിച്ചശേഷം പോലും ഞങ്ങള്‍ തമ്മില്‍ കോണ്ടാക്ടുണ്ടായിരുന്നു. കുറച്ച് നാളായി കാണാറില്ല. സംസാരിക്കാറുമില്ല. എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചതെന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ല. ആരൊക്കെയോ ചേര്‍ന്ന് അവളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാവാം. അതുവരെ എനിക്കൊപ്പം ഷോപ്പിംഗിനൊക്കെ വന്നിരുന്ന കുട്ടിയാണ്. പെട്ടെന്ന് ഒരു ദിവസം കൂടിക്കാഴ്ചകള്‍ ഇല്ലാതായി. ഒരുപക്ഷെ അവള്‍ക്ക് അവളുടേതായ തിരക്കുകള്‍ ഉണ്ടാകാം. പക്ഷെ എനിക്കുറപ്പുണ്ട്. എന്നെങ്കിലും ഒരിക്കല്‍ അവള് എന്നെ തേടി വരും.
അല്ലെങ്കില്‍ അവള്‍ക്കൊരു ആവശ്യമുണ്ടാകുന്ന സമയത്ത് ഞാന്‍ അവളെ തേടി ചെല്ലും. അവള് എന്റെ മോളാണ്. എന്നും എന്റെ ഹൃദയത്തില്‍ അവള് ഉണ്ടാകും. ആര്‍ക്കും ആ ബന്ധം പറിച്ചെറിയാനാവില്ല...’’ അനില്‍ പറഞ്ഞത് ഇങ്ങനെയാണ്.






