
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തോത് വളരെ കൂടുതലായ ഡല്‍ഹിയില്‍ ആള്ക്കാര് ശ്വാസം കഴിക്കാന്‍ പോലും പാടുപെടുകയാണ്. ഇതിനിടയിലാണ് മണിക്കൂറുകള്‍ നീളുന്ന ട്രാഫിക്ക് ജാമുകളും. നവംബര്‍ 12 ന് വിവാഹസീസണ് ആരംഭിച്ചതോടെ വാഹനഗതാഗതവും വാഹനപാര്‍ക്കിംഗും ആളും ശബ്ദകോലാഹലങ്ങളുമൊക്കെയായി ഡല്‍ഹി കൂടുതല്‍ ദുരിതത്തിലാകും. വിവാഹ ഘോഷയാത്രകള്‍ക്കുള്ള റോഡ് ബാരിക്കേഡുകള്‍, യാത്രയ്ക്കിടെ 'ധോള്‍', ഡിജെ എന്നിവയുടെ ഉച്ചത്തിലുള്ള ശബ്ദങ്ങള്കൂടിയാകുമ്പോള് നഗരവാസികളുടെ തലവേദന കൂടും.
അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ ഏകദേശം 450,000 വിവാഹങ്ങള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനങ്ങളുടെ ഒഴുക്ക് സുഗമമാക്കാന്‍ ഡല്‍ഹി പോലീസ് 1,500 മുതല്‍ 2,000 വരെ ട്രാഫിക് ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) പ്രകാരം 18 ദിവസം നീണ്ടുനില്‍ക്കുന്ന വിവാഹ സീസണിന്റെ ആദ്യ ഘട്ടം ചൊവ്വാഴ്ച ആരംഭിച്ചു. ഡിസംബര്‍ 16 വരെ തുടരും. ഏകദേശം 50,000 വിവാഹങ്ങളാണ് ദേശീയ തലസ്ഥാനത്ത് ഒരു ദിവസം നിശ്ചയിച്ചിരിക്കുന്നത്.
നഗരത്തിലുടനീളമുള്ള വിവാഹ ബാന്‍ഡുകള്‍ക്കും വിരുന്നു ഹാളുകള്‍ക്കും ബുക്കിംഗുകളും കുതിച്ചുയരുകയാണ്. പാര്‍ക്കിംഗ് ക്രമീകരണം ഉറപ്പാക്കാന്‍ ബാങ്ക്വറ്റ് ഹാള്‍ ഉടമകളുമായി പതിവായി യോഗങ്ങള്‍ നടത്തുന്നുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. ''ഓണ്‍-സൈറ്റ് പാര്‍ക്കിംഗ് ഇല്ലാത്ത സ്ഥലങ്ങളില്‍ വാലെറ്റ് സേവനങ്ങള്‍ ക്രമീകരിക്കാന്‍ ഞങ്ങള്‍ ഉപദേശിക്കുന്നു. പ്രധാന റോഡുകളിലെ തിരക്ക് ഒഴിവാക്കാന്‍ മദ്യപിച്ച് വാഹനമോടിക്കുന്നത് തടയുന്നതിനും ബറാത്ത് നിയന്ത്രിക്കുന്നതിനും ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.'' ഓഫീസര്‍ പറഞ്ഞു.
ദേവ് ഉതാനി ഏകാദശിക്ക് ശേഷം വിവാഹങ്ങള്‍ ആഘോഷിക്കുന്ന പാരമ്പര്യം പുരാതന ഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണെന്നാണ് വിദഗ്ദ്ധരുടെ വാദം. മഹാവിഷ്ണു തന്റെ നാല് മാസത്തെ വിശ്രമത്തില്‍ നിന്ന് ഈ ദിവസത്തില്‍ ഉണരുമെന്നാണ് ഐതീഹ്യം. വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, അലങ്കാരങ്ങള്‍, ഇലക്ട്രോണിക്സ്, ഫര്‍ണിച്ചറുകള്‍, സമ്മാനങ്ങള്‍, കാറ്ററിംഗ് തുടങ്ങിയ മേഖലകളില്‍ വിവാഹങ്ങള്‍ വ്യാപിച്ചുകിടക്കുന്നതിനാല്‍, വിവാഹ സീസണ് സേവന ദാതാക്കള്‍ക്ക് ധാരാളം അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഗണ്യമായ തൊഴില്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാഹ സീസണ് 6 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളാണ് നടക്കുക.






