
കണ്ണൂര്‍: എഡിഎം നവീന്‍കുമാര്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് വിവാദത്തില്‍ കുരുങ്ങിയ പി.പി. ദിവ്യ രാജിവെച്ച ഒഴിവില്‍ കെ.കെ. രത്നകുമാരി കണ്ണുര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കെ.കെ. രത്നകുമാരി 16 വോട്ടുകള്‍ നേടി. ഇന്ന് നടന്ന വോട്ടെടുപ്പില്‍ പി.പി. ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല. മാധ്യമങ്ങളെ അകറ്റി നിര്‍ത്തിയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷയാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന കെ കെ രത്നകുമാരി. ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 11 മണിയോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പഞ്ചായത്തിലെ 24 അംഗ ഭരണസമിതിയില്‍ ഏഴുപേര്‍ യുഡിഎഫും 17 പേര് എല്‍ഡിഎഫുമാണ്. ഫലപ്രഖ്യാപനത്തിനുശേഷം ഉച്ചയോടെ വരണാധികാരിയായ കളക്ടറുടെ സാന്നിധ്യത്തില്‍ ആകും സത്യപ്രതിഞ്ജ. തെരഞ്ഞെടുപ്പില്‍ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ മാധ്യമങ്ങളെ വിലക്കിയിരുന്നു.
തെരഞ്ഞെടുപ്പ് നടക്കുന്ന ഹാളിലേക്കാണ് മാധ്യമങ്ങളെ കടത്തി വിടാതെ പൊലീസ് സുരക്ഷ കര്‍ശനമാക്കിയിരന്നു. മാധ്യമ പ്രവര്‍ത്തകരെ കടത്തിവിടേണ്ടെന്ന് പ്രത്യേക നിര്‍ദേശം ഉണ്ടായിരുന്നതായിട്ടാണ് പൊലീസ് അറിയിച്ചത്. പരിയാരം ഡിവിഷനില്‍ നിന്നുള്ള അംഗമാണ് കെ.കെ. രത്നമ്മ. കോണ്‍ഗ്രസിന്റെ ജൂബിലി ചാക്കോയെയായിരുന്നു കെ.കെ. രത്നമ്മ പരാജയപ്പെടുത്തിയത്. വിവാദമായ യാത്രയയപ്പ് സമ്മേളനവും എഡിഎം നവീന്‍കുമാറിന്റെ മരണത്തിനും പിന്നാലെയായിരുന്നു പി.പി. ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെച്ചത്.






