
സെലിബ്രിറ്റികളുടെ കുട്ടിക്കാല ചിത്രങ്ങൾ സിനിമാപ്രേമികൾക്കിടയിൽ പ്രത്യേക കൗതുകം നിറയ്ക്കാറുണ്ട്. ചില താരങ്ങളുടെ കുട്ടിക്കാല ചിത്രം കണ്ടാൽ അത്രപെട്ടെന്ന് പ്രേക്ഷകന് തിരിച്ചറിയാൻ സാധിച്ചെന്ന് വരില്ല. കാരണം ഇപ്പോഴത്തെ അവരുടെ മുഖവുമായി യാതൊരു സാമ്യവും ബാല്യകാല ചിത്രത്തിന് ഉണ്ടായിരിക്കില്ല. അതുപോലെയൊരു ചിത്രമാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
“അച്ഛന്റെ വെസ്പയിൽ ചാരിനിൽക്കുന്ന ചെറിയ ഞാൻ” എന്ന അടിക്കുറിപ്പോടെ മലയാളത്തിലെ യുവനടി പങ്കുവച്ച ചിത്രമാണിത്. ഏതാണീനടിയെന്ന് ആരും ചിന്തിച്ചുപോകുന്ന ബാല്യകാലഫോട്ടോ ആയിരുന്നു അത്. ക്യൂട്ട് ചിരിയുമായി ഫോട്ടോയിൽ പോസ് ചെയ്ത് നിൽക്കുന്നത് മറ്റാരുമല്ല. അന്തരിച്ച നടനും നിർമാതാവുമായ അഗസ്റ്റിന്റെ മകൾ ആൻ അഗസ്റ്റിനാണ്.
ലാൽജോസ് സംവിധാനം ചെയ്ത ‘എൽസമ്മ എന്ന ആൺകുട്ടി’യിലൂടെ മലയാളത്തിന് ലഭിച്ച അതുല്യ കലാകാരിയാണ് ആൻ. 2013ലിറങ്ങിയ ആർട്ടിസ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം താരത്തെ തേടിയെത്തിയിരുന്നു. 2024ൽ പുറത്തിറങ്ങിയ ‘മനോരഥങ്ങൾ’ എന്ന സിനിമയിൽ ‘കടൽക്കാറ്റ്’ എന്ന വിഭാഗത്തിൽ മാർഗരീറ്റായി വേഷമിട്ടതും ആൻ ആയിരുന്നു.






