
തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താര തന്റെ വരാനിരിക്കുന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഉപയോഗിക്കുന്നതിന് തനിക്ക് നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) നല്കാന് വിസമ്മതിച്ച ചലച്ചിത്ര നിര്‍മ്മാതാവും നടനുമായ ധനുഷിനെതിരെ ആഞ്ഞടിച്ചതിന് പിന്നാലെ, സംവിധായകന് വിഘ്നേഷ് ശിവനും രംഗത്തെത്തി.
താന്‍ നിര്‍മ്മിച്ച നാനും റൗഡി താന്റെ സെറ്റില്‍ നിന്ന് മൂന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള തിരശ്ശീലയ്ക്ക് പിന്നിലെ വീഡിയോ ഉപയോഗിച്ചതിനാണ് ധനുഷ് തങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചതെന്നും അതിന് 10 കോടി രൂപ ആവശ്യപ്പെട്ടതായും നയന്‍താര ദീര്‍ഘമായ കത്തില്‍ പറഞ്ഞിരുന്നു. രണ്ടു വര്‍ഷത്തോളം എന്ഒസിയ്ക്കു വേണ്ടി ധനുഷിനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നെന്നും എന്നാല്‍ ധനുഷ് വിസമ്മതിച്ചെന്നും നയന്‍താര കത്തില്‍ പറഞ്ഞു.
ഇപ്പോള്‍, വിഘ്നേഷ് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ വിവാദമായ ആ മ്യൂസിക്കല്‍ ക്ലിപ്പ് പങ്കിട്ടിരിക്കുകയാണ്, ''ഞങ്ങളുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയില്‍ നിന്ന് എടുത്തുകളയാന്‍ ആഗ്രഹിക്കുന്ന 10 കോടിയുടെ ക്ലിപ്പ്. ദയവായി ഇത് ഇവിടെ സൗജന്യമായി കാണുക’ എന്നാണ് വിഘ്നേഷ് കുറിച്ചത്. ഡോക്യുമെന്ററിയുടെ ട്രെയിലറില്‍ ക്ലിപ്പ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ധനുഷിന്റെ ടീം അയച്ച മൂന്ന് പേജുള്ള നോട്ടീസും വിഘ്നേഷ് പങ്കുവെച്ചു.






