
എ.ആര് റഹ്മാന് സൈറാ ബാനു വിവാഹമോചനത്തില്‍ പ്രതികരണവുമായി മകനും ഗായകനുമായ എ.ആര് അമീന്. ഈ സമയത്ത് തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വിവാഹമോചനത്തെക്കുറിച്ച് സൈറയുടെ അഭിഭാഷക വന്ദനാ ഷാ പ്രസ്താവനയിലൂടെ അറിയിച്ചതിന് പിന്നാലെയാണ് അമീന് പ്രതികരിച്ചത്. വിവാഹമോചനത്തെക്കുറിച്ച് എ.ആര് റഹ്മാന്റെ പ്രതികരണവും അമീന് പങ്കുവെച്ചു.

പരസ്പരധാരണയോടെ ഇരുവരും പിരിയുകയാണെന്ന് അറിയിക്കുന്ന സംയുക്തപ്രസ്താവനയാണ് സൈറയുടെ അഭിഭാഷക വന്ദന ഷാ പങ്കുവെച്ചത്. പരസ്പരം ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഒരുമിച്ചു തുടരാന്‍ പറ്റാത്ത രീതിയിലുളള വിടവ് ഇരുവരുടെയും ബന്ധത്തില്‍ രൂപപ്പെട്ടെന്നും അതാണ് ഈ തീരുമാനത്തിലേക്കു നയിച്ചതെന്നും അഭിഭാഷക വന്ദനാഷാ പ്രസ്താവനയില്‍ അറിയിച്ചു. വിഷമകരമായ ഈ സാഹചര്യത്തില്‍ ഇരുവരുടെയും സ്വകാര്യത മാനിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.
ഇതിന് പിന്നാലെ പ്രതികരണവുമായി എ.ആര് റഹ്മാനും രംഗത്തെത്തിയിരുന്നു. ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ എല്ലാകാര്യങ്ങള്‍ക്കും കാണാന്‍ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളാല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയപടിയല്ലെങ്കിലും ഞങ്ങള്‍ അര്‍ഥം തേടുകയാണ്. ആകെ തകര്‍ന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു എന്നായിരുന്നു റഹ്മാന്റെ കുറിപ്പ്.
1995 ലാണ് എ.ആര് റഹ്മാന്റെയും സൈറയുടെയും വിവാഹം. അമ്മയാണ് വധുവിനെ കണ്ടെത്തിയതെന്ന് റഹ്മാന് പറഞ്ഞിട്ടുണ്ട്. ഖദീജ, റഹീമ, അമീന് എന്നിങ്ങനെ മൂന്ന് മക്കളാണ് ഈ ദമ്പതികള്‍ക്കുളളത്. മകള്‍ ഖദീജ രണ്ടുവര്‍ഷം മുന്‍പ് വിവാഹിതയായി.







Comments