
ന്യൂഡല്‍ഹി; ന്യൂയോര്‍ക്ക് കോടതി വഞ്ചനാക്കേസ് എടുത്ത വ്യവസായ പ്രമുഖന് ഗൗതം അദാനിക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
അദാനിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഇന്ത്യയില്‍ അദാനിയും മോദിയും ഒന്നാണ്. ഇത്ര വലിയ അഴിമതി നടത്തിയിട്ടും അദാനി സ്വതന്ത്രനാണ്. അദാനിയെ ഉടന്‍ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. അദാനിയുടെ കുംഭകോണങ്ങളില്‍ ജെപിസി അന്വേഷണം വേണം. അദാനി വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും. സെബി മേധാവി മാധബി ബുച്ച് അദാനിയുടെ സംരക്ഷകയാണെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു.
ന്യൂയോര്‍ക്ക് കോടതി വഞ്ചനാക്കേസ് എടുത്തതിന് പിന്നാലെ ഗൗതം അദാനിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് രംഗത്തെത്തിയിരുന്നു. അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകള്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷിക്കണമെന്ന് ജയ്റാം രമേശ് ആവശ്യപ്പെട്ടു. അദാനിക്കെതിരെ കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് അമേരിക്കന്‍ കോടതിയെടുത്ത കേസെന്നും ജയ്റാം രമേശ് അഭിപ്രായപ്പെട്ടു.
''ന്യൂയോര്‍ക്കിലെ അറ്റോര്‍ണി ഓഫീസ് അദാനിക്കും കൂട്ടര്‍ക്കുമെതിരെ ചുമത്തിയ ഗുരുതരമായ ആരോപണങ്ങള്‍, 'മോദാനി' അഴിമതികള്‍ക്കെതിരെ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷിക്കണമെന്ന കോണ്‍ഗ്രസ് 2023 ജനുവരി മുതല്‍ ഉന്നയിക്കുന്ന ആവശ്യത്തെ ന്യായീകരിക്കുന്നു. 'ഹം അദാനി കെ ഹെ' എന്ന സീരീസിലൂടെ കോണ്‍ഗ്രസ് അദാനിയുമായി ബന്ധപ്പെട്ട അഴിമതികളെക്കുറിച്ചും, പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ബിസിനസുകാരനുമായുള്ള അടുത്ത ബന്ധത്തെ കുറിച്ചും 100 ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇന്നും ആ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചിട്ടില്ല. അദാനി ഗ്രൂപ്പിന്റെ ഇടപാടുകളെക്കുറിച്ച് ജെപിസി അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് വീണ്ടും ആവര്‍ത്തിക്കുന്നു.'' ജയ്റാം രമേശ് എക്സില്‍ കുറിച്ചു.






