
വയനാട്: രാഹുല്‍ഗാന്ധിക്ക് പകരക്കാരിയായി പ്രിയങ്കാഗാന്ധിയെ ഏറ്റെടുത്ത് വയനാടന്‍ വോട്ടര്‍മാര്‍. കോണ്‍ഗ്രസിന്റെ സുരക്ഷിത മണ്ഡലമായി കണക്കാക്കുന്ന വയനാട്ടില്‍ പ്രിയങ്കാഗാന്ധിയുടെ ലീഡ് 30,000 കടന്നു. പ്രിയങ്കാഗാന്ധി മത്സരിക്കാനെത്തിയതോടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച മണ്ഡലമായി മാറിയിരിക്കുന്ന വയനാട്ടില്‍ പ്രിയങ്കയുടെ ശക്തമായ മുന്നേറ്റമാണ് കാണിക്കുന്നത്.
എല്‍ഡിഎഫിന് വേണ്ടി സത്യന് മൊകേരിയും എന്‍ഡിഎയ്ക്ക് വേണ്ടി നവ്യ ഹരിദാസുമാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ഒരു ഘട്ടത്തില്‍ പോലും ഇവരുടെ പേരുകള്‍ ഉയര്‍ന്നു വരാത്ത രീതിയിലാണ് വയനാട് കോണ്‍ഗ്രസിന്റെ പിന്മുറക്കാരിയെ സ്വീകരിച്ചത്. 45,000 വോട്ടുകള്‍ നേടിയാണ് പ്രിയങ്കാഗാന്ധി കുതിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള സത്യന് മൊകേരിക്ക് 18,000 വോട്ടുകളാണ് നേടാന്‍ കഴിഞ്ഞത്. ബിജെപിയുടെ നവ്യയ്ക്ക് 6000 വോട്ടുകളും.
ഇത്തവണ വയനാട്ടില്‍ പോളിംഗ് കുറഞ്ഞതൊന്നും പ്രിയങ്കയുടെ നിലയെ ബാധിക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. വയനാട്ടില്‍ 64.27 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 73.57 ശതമാനം പോളിങ് രേഖപ്പെടുത്തിയ മണ്ഡലമായിരുന്നു വയനാട്. നിയമസഭാ മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മാനന്തവാടിയിലാണ് (62.61) എറ്റവും കൂടുതല്‍ പോളിങ്ങ് രേഖപ്പെടുത്തിയത്.






