
മുന്‍ ബിഗ് ബോസ് താരവും മോഡലുമായ ഷിയാസ് കരീം പ്രേക്ഷകര്‍ക്ക് ഏറെ ജനപ്രിയനായത് സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെയാണ്. അതിലൂടെ ഏറെ ശ്രദ്ധ നേടാനും പ്രേക്ഷകപ്രീതി നേടാനും ഷിയാസിനു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കഴിഞ്ഞ ദിവസമാണ് നവംബര്‍ 25 ന് വിവാഹിതനാകുന്നു എന്ന കാര്യം സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിലൂടെ ഷിയാസ് പങ്കിട്ടത്. പ്രതിശ്രുത വധുവിനൊപ്പമുള്ള സേവ് ദി ഡേറ്റ് ചിത്രങ്ങള്‍ പുറത്ത് വിട്ട് കൊണ്ടാണ് വിവാഹക്കാര്യം താരം പങ്കിട്ടത്.
നേരത്തെ ഷിയാസിന്റെ വിവാഹനിശ്ചയം വരെ നടത്തിയെങ്കിലും അത് മുടങ്ങി പോവുകയായിരുന്നു. അതിന്റെ കാരണത്തെ കുറിച്ച് താരം പറഞ്ഞിട്ടില്ല, പക്ഷേ താന്‍ എന്തായാലും വിവാഹം കഴിക്കുമെന്നാണ് ഷിയാസ് പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഇത്രയും നാള് വിവാഹക്കാര്യം ആരോടും പറയാതെ രഹസ്യമാക്കി വെച്ചതിന്റെ കാരണത്തെക്കുറിച്ച് പറയുകയാണ് ഷിയാസ് കരീം.
‘‘ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ സമയത്ത് തന്നെ എനിക്ക് വിവാഹം കഴിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. അന്ന് പെണ്ണ് കാണാന്‍ പോയ പെണ്‍കുട്ടികളില്‍ ഒരാള്‍ ആയിരുന്നു ദര്‍ഫ. പക്ഷേ അന്ന് ദര്‍ഫയ്ക്ക് പ്രായം കുറവാണെന്ന് എനിക്ക് തോന്നിയത് കൊണ്ടാണ് ആലോചന വിവാഹത്തിലേക്ക് കടക്കാഞ്ഞത്. പക്ഷേ ഞങ്ങള്‍ നല്ല കൂട്ടുകാരായി തുടര്‍ന്നു.
ആ കാലം മുതല്‍ അവളുടെ ഉമ്മ എനിക്ക് എന്റെ സ്വന്തം ഉമ്മയെ പോലെയായിരുന്നു. ഏതൊരു വിഷമത്തിലും ഞാന്‍ ദര്‍ഫയുടെ ഉമ്മയെ വിളിക്കുമായിരുന്നു. അവരെനിക്ക് വലിയ ആശ്വാസമായി. ഇടയ്ക്ക് ഞാന്‍ ഒത്തിരി പ്രശ്നങ്ങളിലൂടെ പോയ സമയത്ത് ദര്‍ഫയുമായി സംസാരിക്കുമായിരുന്നു. അവള് തന്ന കരുതല്‍ തനിക്ക് ശക്തിയായി എന്നും പരസ്പരം സങ്കടങ്ങള്‍ പറഞ്ഞിരിക്കുന്ന സമയത്താണ് എന്നാല്‍ നമുക്ക് ഒരുമിച്ച് ജീവിച്ചാലോ എന്ന ചോദ്യം തങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്നതെന്നും വീട്ടുകാരോട് ഇത് പറഞ്ഞപ്പോള്‍ ഇരുകൂട്ടര്‍ക്കും സന്തോഷമായി.
അങ്ങനെ റംസാന് കാലം മുതലാണ് ദര്ഫയുമായിട്ടുള്ള ബന്ധം കൂടുതല്‍ അടുപ്പത്തിലായതെന്നും ഷിയാസ് കരീം പറയുന്നു. ഞങ്ങളുടെ വിവാഹക്കാര്യം രഹസ്യമാക്കി വെച്ചത് എന്തുകൊണ്ടാണെന്ന് ചിലരൊക്കെ ചോദിക്കുന്നുണ്ട്. എനിക്ക് ആരെയും പേടിയില്ല. സാധാരണ ആളുകള്‍ ഒക്കെ കല്യാണത്തിന്റെ ഒരാഴ്ച മുന്‍പല്ലേ സേവ് ദ ഡേറ്റ് വീഡിയോയും ചിത്രങ്ങളുമൊക്കെ പുറത്തുവിടുക. ഞാനും അത്രയേ ചെയ്തുള്ളൂവെന്നാണ് ഷിയാസ് കരീം പറയുന്നത്.
എനിക്കും ദര്‍ഫയ്ക്കും മുന്‍പ് നിശ്ചയിച്ച കല്യാണം മുടങ്ങിയ ചരിത്രമുണ്ട്. അപ്പോള്‍ വീട്ടുകാരും ഞങ്ങളും ഒരുമിച്ച് എടുത്ത തീരുമാനമാണ് വിവാഹത്തിനോട് അടുപ്പിച്ച് വിവരം എല്ലാവരെയും അറിയിക്കാം....’’ ഷിയാസ് പറയുന്നു.
ഷിയാസിന്റെ വിവാഹ റിസപ്ഷൻ വിഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുകയാണ്. വിവാഹശേഷം ഗള്‍ഫിലേക്ക് പോകാനാണ് ഉദ്ദേശിക്കുന്നതെന്നും അവിടെ തന്റെ ജിം ബിസിനസ് നന്നായിപോകുന്നുണ്ടെന്നും ഇനി കൂടുതല്‍ ബിസിനസ് പ്ലാനുകള്‍ ഉണ്ടെന്നും ഷിയാസ് പറയുന്നു . ‘‘ദര്‍ഫ അബുദാബിയിലാണ് ജോലി ചെയ്യുന്നത്. എമിറേറ്റ്സ് എന്‍ ബി ഡി യിലാണ് അവള്‍ക്ക് ജോലി. കുടുംബസമേതം അവര്‍ അവിടെയാണ് താമസം. അതുകൊണ്ട് താനും ഇനി കൂടുതല്‍ സമയം അവിടെ ആയിരിക്കും...’’ ഷിയാസ് പറയുന്നു.
കേരളത്തില്‍ അറിയപ്പെടുന്ന മോഡലും സോഷ്യല്‍ മീഡിയ താരവുമാണ് ഷിയാസ് കരീം. ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്റര്‍നാഷണല്‍ ലെവലില്‍ മത്സരിച്ചിട്ടുണ്ട്. മലയാളത്തിലെ ടെലിവിഷന്‍ പരിപാടികളിലൂടെയാണ് ഷിയാസ് ശ്രദ്ധിക്കപ്പെട്ടത്.






