
കോഴിക്കോട്: പാലക്കാട് ഏറ്റ വന്‍ പരാജയത്തിന് പിന്നാലെ സംസ്ഥാന ബിജെപിയില്‍ ഉയര്‍ന്നിരിക്കുന്ന കലാപക്കൊടി രൂക്ഷമാക്കി കോഴിക്കോട് നഗരത്തില്‍ പോസ്റ്ററുകള്‍. നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യമുയര്‍ത്തിയാണ് പോസ്റ്റര്‍. നേതൃമാറ്റം ആവശ്യപ്പെട്ടിരിക്കുന്ന പോസ്റ്ററില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്, വി. മുരളീധരന്, പി. രഘുനാഥ് എന്നിവരെ കുറുവാസംഘമെന്നാണ് പരിഹസിച്ചിരിക്കുന്നത്്.
സേവ് ബിജെപി എന്ന തലക്കെട്ടോടെയാണ് നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം പാലക്കാട്ടെ പരസ്യവിമര്‍ശനത്തില്‍ നടപടിയുണ്ടായേക്കുമെന്ന സൂചനകളുണ്ട്. സംഘടനാ തിരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങള്‍ ആലോചിക്കാന്‍ ഇന്ന് കൊച്ചിയില്‍ ബിജെപി സംസ്ഥാന നേതൃയോഗം യോഗം ചേരുന്നുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ തോല്‍വി അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സാധ്യതയുണ്ട്.
തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് സംസ്ഥാന അധ്യക്ഷന്‍ വിശദീകരണം നല്‍കും. തോല്‍വിയുടെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നെന്നും ഒളിച്ചോടില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം തനിക്കുണ്ടെന്നും കേന്ദ്ര നേതൃത്വം പറഞ്ഞാല്‍ രാജി വെക്കുമെന്നുമായിരുന്നു കെ സുരേന്ദ്രന് ഇന്നലെ വ്യക്തമാക്കിയതും. അതേസമയം കെ. സുരേന്ദ്രനെ മാറ്റിയാല്‍ ആര് പാര്‍ട്ടി അദ്ധ്യക്ഷനാകും എന്ന ചോദ്യവും അവശേഷിക്കുന്നുണ്ട്.
വീണ്ടും അധ്യക്ഷനാകാന്‍ ഇല്ലെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനും വ്യക്തമാക്കിയിരുന്നു. തോല്‍വിക്ക് പിന്നാലെ പല നേതാക്കളും സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തെത്തുന്നുണ്ട്. എന്നാല്‍ കെ സുരേന്ദ്രന് രാജി വെക്കുമെന്ന വാര്‍ത്തകള്‍ കേന്ദ്ര നേതൃത്വവും തള്ളയിട്ടുണ്ട്. പാലക്കാട്ടെ തെരഞ്ഞെടുപ്പില്‍ 33 ബൂത്തുകളില്‍ 100 ല്‍ താഴെ മാത്രം വോട്ടു കിട്ടിയതും ചര്‍ച്ചയായേക്കും.






