
തമിഴകത്ത് തന്റെ നൃത്തച്ചുവടുകള്‍ കൊണ്ട് എപ്പോഴും വിസ്മയം സൃഷ്ടിക്കാറുള്ള താരമാണ് പ്രഭുദേവ. ചടുലമായ നൃത്തച്ചുവടുകള്‍ കൊണ്ട് എന്നും അത്ഭുതപ്പെടുത്താറുള്ള താരം ഡാൻസ് കൊറിയോഗ്രാഫ്, സിനിമാ സംവിധാനം, നിർമാണം തുടങ്ങി പല മേഖലകളിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബ്രേക്ക് ഡാന്‍സിന് തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ച താരം ആരാധകരെ എപ്പോഴും ആവേശപ്പെടുത്താറുണ്ട്.
നൃത്തം പോലെ തന്നെ താരത്തിന്റെ വ്യക്തിജീവിതവും ഇടയ്ക്ക് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
ഇന്ന് ഹിമാനി സിംഗിനൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് പ്രഭുദേവ. കഴിഞ്ഞ വർഷം ഇരുവർക്കും ഒരു മകളും ജനിച്ചു. സിയ എന്നാണ് മകളുടെ പേര്. വെളിച്ചം, പ്രകാശം എന്നൊക്കെയാണ് അർത്ഥം. ആദ്യ വിവാഹ ബന്ധത്തില്‍ പ്രഭുദേവയ്ക്ക് രണ്ട് ആണ്‍മക്കളുണ്ട്. റംലത്ത് എന്നായിരുന്നു പ്രഭുദേവയുടെ ആദ്യ ഭാര്യയുടെ പേര്. 2011 ല്‍ ഇവർ വേർപിരിഞ്ഞു.
ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിച്ചിരിക്കുകയാണ് പ്രഭുദേവ. മകള്‍ പിറന്ന ശേഷം തന്റെ ജീവിതം ഏറെ മാറിയെന്ന് പ്രഭുദേവ പറയുന്നു.
‘‘സിയ എന്നാണ് മകളുടെ പേര്. വെളിച്ചം, പ്രകാശം എന്നൊക്കെയാണ് അർത്ഥം. എനിക്കൊരു പെണ്‍കുഞ്ഞ് പിറന്നത് വിശ്വസിക്കാനാകുന്നില്ല. ദിവസവും ആലോചിക്കും. എന്റെ വീട്ടില്‍ എല്ലാം ആണ്‍കുട്ടികളാണ്. എന്റെ പ്രായം 51 ഉം. ആലോചിച്ച് നോക്കൂ, കല്യാണം കഴിഞ്ഞു. പിന്നീട് എല്ലാം പോയി. അതിന് ശേഷം നടന്നതെല്ലാം എല്ലാവർക്കും അറിയാം. പിന്നീട് വീണ്ടും വിവാഹം ചെയ്ത് അതിലൊരു കുഞ്ഞ് പിറന്നിരിക്കുന്നു. എനിക്കിത് വിശ്വസിക്കാൻ പറ്റുന്നില്ല. എന്നും ഞാൻ ആലോചിക്കും. ഒഴുക്കിനനുസരിച്ച് പോകുന്നു. എന്തൊക്കെയോ നടക്കുന്നുണ്ട്.
50 വയസിന് ശേഷമാണ് കുഞ്ഞ് പിറന്നിരിക്കുന്നത്. ഞാൻ ജീവിതത്തില്‍ സങ്കല്‍പ്പിച്ചത് പോലുമല്ല ഇത്. എന്താണ് സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് ഇന്നും അത്ഭുതപ്പെടുന്നുണ്ട്. എനിക്ക് 65 വയസാകുമ്പോള്‍ അവള്‍ക്ക് 15 വയസേ ഉണ്ടാവൂ. മകള്‍ പിറന്ന ശേഷം എനിക്ക് 25 വയസുകാരനെ പോലെ തോന്നുന്നു. എന്റെ രണ്ട് ആണ്മക്കളുമായി വളരെ ക്ലോസ് ആണ് ഞാന്‍...’’ പ്രഭുദേവ പറയുന്നു.
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയൻതാരയുമായുണ്ടായ പ്രണയ ബന്ധത്തിനിടെയാണ് പ്രഭുദേവയുടെ ആദ്യ വിവാഹ ബന്ധം തകരുന്നത്. രണ്ട് മക്കളുള്ള പ്രഭുദേവയുമായിട്ടുള്ള നയന്‍താരയുടെ പ്രണയം അന്ന് വലിയ വിവാദമായിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഡോക്യുമെന്ററിയിൽ ഇതേക്കുറിച്ച് നയൻതാര സംസാരിക്കുന്നുണ്ട്. ‘‘പക്വതയില്ലാത്ത സമയത്തെടുത്ത തീരുമാനമായിരുന്നു അത്. ജീവിതത്തിൽ പിഴവുകൾ പറ്റും. അതിൽ കുഴപ്പമില്ല...’’ നയന്‍താര അതില്‍ തുറന്നു പറയുന്നു. കരിയർ വിടാൻ ഒരു ഘട്ടത്തിൽ തീരുമാനിച്ചത് പ്രഭുദേവ കാരണമാണെന്ന് പേരെടുത്ത് പറയാതെ നയൻതാര പറയുന്നുണ്ട്. ‘‘എനിക്ക് വേറെ ഓപ്ഷനുണ്ടായിരുന്നില്ല, ഇനി അഭിനയിക്കാൻ പറ്റില്ലെന്ന് അയാൾ പറഞ്ഞു...’’ എന്നാണ് നയൻതാര ഡോക്യുമെന്ററിയിൽ വെളിപ്പെടുത്തിയത്. തകർന്ന് പോയ ആ നാളുകൾ കടന്ന് വന്ന താന്‍ വിഘ്നേശ് ശിവനോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കുന്നതിനെക്കുറിച്ചും നയൻതാര സംസാരിക്കുന്നുണ്ട്.






