
ലഖ്നൗ: ഉത്തര്‍പ്രദേശിലെ സംഭലിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സംഭലിലേക്ക് തിരിച്ച മുസ്ലിംലീഗ് എംപിമാരെ തടഞ്ഞ് യുപി പോലീസ്. ഗാസിയാബാദ് എത്തിയപ്പോഴാണ് എംപിമാരെ തടഞ്ഞത്. 5 എംപിമാരടങ്ങിയ 2 വാഹനങ്ങളാണ് പോലീസ് തടഞ്ഞത്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരുന്നത്. സംഭല്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കില്ലെന്നും മങ്ങിപ്പോകണമെന്നും പോലീസ് ലീഗ് എംപിമാരോട് പറയുകയായിരുന്നു. തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇടി മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, അഡ്വ. ഹാരിസ് ബീരാന്, പിവി അബ്ദുല്‍ വഹാബ്, നവാസ് ഖനി തുടങ്ങിയ ലീഗ് എംപിമാര്‍ സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്നു.
ഉത്തർപ്രദേശിലെ സംഭാലിൽ ഷാഹി ജുമാമസ്ജിദ് സർവേയ്ക്കിടെയാണ് സംഘർഷമുണ്ടായത്.നാലുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മുഗൾ ഭരണ കാലത്ത് നിർമിച്ച മസ്ജിദിൽ സർവേ നടത്താൻ കോടതി അനുമതി നൽകിയിരുന്നു. ഹരിഹർ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പള്ളി നിർമിച്ചതെന്ന ഹർജിയിലായിരുന്നു കോടതിയുടെ നിർദേശം. കോടതി ഉത്തരവിനെ തുടർന്ന് ജുമാമസ്ജിദിൽ ഉദ്യോഗസ്ഥർ സർവേയ്ക്ക് എത്തിയതിന് പിന്നാലെയാണ് സംഘർഷം ഉടലെടുത്തത്.
അതേസമയം, സംഘർഷത്തിനിടെ അഭിഭാഷക കമ്മീഷൻ സർവേ നടപടികൾ പൂർത്തിയാക്കി. മുഗൾ ഭരണകാലത്ത് ക്ഷേത്രം തകർത്താണ് ഷാഹി ജമാ മസ്ജിദ് സ്ഥാപിച്ചത് എന്നവകാശപ്പെട്ട് ഒരു അഭിഭാഷകൻ നൽകിയ ഹർജിയിലാണ് സംബാൽ ജില്ലാ കോടതി സർവേ നടത്താൻ ഉത്തരവിട്ടത്. സംഘർഷാവസ്ഥ രൂക്ഷമായതോടെ പ്രദേശത്ത് ഈ മാസം 30 വരെ ഇൻറർനെറ്റ് സേവനം താൽകാലികമായി നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.






