
ചേലക്കര: ഒരു വയസുകാരി 'ഇവ' കൊച്ചി വിമാനത്താവളത്തില്‍ പറന്നിറങ്ങി. സങ്കരയിനത്തില്‍പ്പെട്ട വെളുത്ത പൂച്ചക്കുട്ടിയാണ് ഇവ. വിദേശത്തുനിന്ന് ഓമനമൃഗങ്ങളെ കൊണ്ടുവരാനുള്ള സര്ട്ടിഫിക്കേഷന് ഒക്ടോബറില്‍ ലഭിച്ചശേഷം ആദ്യമായി കൊച്ചി വിമാനത്താവളത്തിലെത്തുന്ന മൃഗമാണ് ഈ പൂച്ചക്കുട്ടി. ദോഹയില്‍നിന്ന് എയര്‍ ഇന്ത്യയുടെ എ.ഐ 954 വിമാനത്തില്‍ ഇന്നലെ രാവിലെ 10.17 നാണ് ഇവ എത്തിയത്.
തൃശൂര്‍ ചേലക്കര പരക്കാട് കണ്ടുരുത്തി കെ.എ. രാമചന്ദ്രന്റെ ഓമനയാണിത്. കടലോളം സ്നേഹം നല്‍കിയാണ് രാമചന്ദ്രനും മകന് റെനീഷും 'ഇവയെ' വളര്‍ത്തിയത്. പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങിയപ്പോള്‍ ഇവയെ കൂട്ടാനും അവര്‍ മറന്നില്ല. ടര്‍ക്കിഷ് ബില്‍ഡ് ഇനത്തില്‍പ്പെട്ട പൂച്ചയാണ് ഇവ. നാലു പതിറ്റാണ്ടിലേറെയുള്ള പ്രവാസ ജീവിതം മതിയാക്കിയാണു രാമചന്ദ്രന് നാട്ടിലേക്കു മടങ്ങിയത്. പൂച്ചയെ ഉപേക്ഷിച്ച് പോരാനുള്ള വിഷമമാണു ഇവയുടെ യാത്രയ്ക്ക് കാരണമായത്. സിയാലിലെ കസ്റ്റംസ്, ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ ആയാസരഹിതമായി പെട്ടെന്നു പൂര്‍ത്തിയായി. ഇവയെ കൊണ്ടുവരാനുള്ള പ്രക്രിയകള്‍ സുഗമമാക്കിത്തന്ന സിയാലിന് രാമചന്ദ്രന് നന്ദി പറഞ്ഞു. ഈ വര്‍ഷം ജൂലൈയിലാണ് സിയാലില്‍ പെറ്റ് എക്സ്പോര്‍ട്ട് സൗകര്യം നിലവില്‍ വന്നത്.
നിരവധി യാത്രക്കാര്‍ ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പില്‍നിന്ന് അനിമല്‍ ക്വാറന്റൈന് സര്ട്ടിഫിക്കേഷന് സര്‍വീസ് (എ.ക്യൂ.സി.എസ്) അനുമതി ലഭിച്ചതോടെ, പെറ്റ് എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് സൗകര്യങ്ങളുള്ള കേരളത്തിലെ ഏക വിമാനത്താവളമായി സിയാല്‍ മാറി. വിപുലമായ സൗകര്യങ്ങളുള്ള പെറ്റ് സ്റ്റേഷന്, വെറ്ററിനറി ഡോക്ടറുടെ സേവനം, ക്വാറന്റൈന് സെന്റര്‍ എന്നീ സൗകര്യങ്ങള്‍ സിയാലില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ ബെല്‍ജിയത്തില്‍നിന്ന് ഒരു നായക്കുട്ടി കൂടി കൊച്ചി വിമാനത്താവളത്തിലെത്തുന്നുണ്ട്.
കൊച്ചി രാജ്യാന്തരാ വിമാനത്താവളത്തില്‍ അധികൃതരും വലിയ സ്വീകരണമാണു പൂച്ചയ്ക്കു നല്‍കിയത്. ദോഹയില്‍ ടോറസ് എന്‍ജിനീയറിങ്ങ് കമ്പിനിയിലെ മെക്കാനിക്കായ രാമചന്ദ്രന് താമസസ്ഥലത്തെ ഫ്ളാറ്റിന് മുന്‍പില്‍നിന്നും ഒന്നര വര്‍ഷം മുമ്പാണ് ചെറിയ പൂച്ചയെ അവശനിലയില്‍ കണ്ടത്. അവടെ തന്നെയാണു മകന് റെനീഷിനും ജോലി. ജോലിതിരക്കിനിടയിലും വീട്ടിലൊരംഗത്തെപ്പോലെ വളര്‍ത്തിയ പൂച്ചയെ ഇവ എന്ന് പേരിട്ട് വിളിച്ചു. ഇതിനിടെയാണ് രാമചന്ദ്രന് 43 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നോട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്.
ജോലിക്കിടെ മകന് റെനീഷിന് കൈവിരലിന് പറ്റിയ പരുക്കും കൂടിയായപ്പോള്‍ ഇരുവരും ടിക്കറ്റ് ബുക്ക് ചെയ്യാനൊരുങ്ങിയപ്പോഴാണ് ഓമനിച്ചു വളര്‍ത്തിയ ഇവയെപ്പറ്റി ചിന്തിച്ചത്. ഇതിനിടെയാണ് കഴിഞ്ഞ മാസം മുതല്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ വിദേശത്ത് നിന്നും മൃഗങ്ങളെ അയക്കുന്നതിനും കൊണ്ടുവരുന്നതിനുള്ള അനുമതി നല്കുന്ന കോറന്റീന് ആന്‍ഡ് സര്ട്ടിഫിക്കേഷന് സേവനം തുടങ്ങിയത് എന്ന വിവരം അറിഞ്ഞതും ഓണ്‍ലൈനില്‍ അപേക്ഷിച്ചതും. തുടര്‍ന്ന് അതിനുള്ള വഴി തെളിയുകയായിരുന്നു.
എയര്‍ ഇന്ത്യയുടെ സര്‍വീസിലൂടെ ആദ്യമായാണ് നെടുമ്പാശേരി എയര്‍ പോര്‍ട്ടിലൂടെ വളര്‍ത്തു മൃഗങ്ങളെ കൊണ്ടുവരുന്നത്.
ദോഹയില്‍നിന്നും ബുധനാഴ്ച പുലര്‍ച്ചെ പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിലെ കൗതുക കാഴ്ചയായിരുന്നു ഇവ.






