
കോഴിക്കോട് : സമസ്ത- ലീഗ് തര്‍ക്കം പുതിയവഴിത്തിരിവിലേക്ക്. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള നടപടികള്‍ മുസ്ലിം ലീഗില്‍ തുടങ്ങി. ഇതിന്റെ ഭാഗമായി സമസ്തയുമായി സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുന്നെന്നു വിലയിരുത്തുന്ന മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ. സലാമിനെ സ്ഥാനത്തുനിന്നു മാറ്റും. തര്‍ക്കം രൂക്ഷമാക്കിയത് പലപ്പോഴും പി.എം.എ. സലാമാണെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് നേതൃത്വത്തില്‍ മതിയായ അഴിച്ചുപണി നടത്താന്‍ ലീഗ് തയാറെടുക്കുന്നത്.
സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും സലാമിനെ മാറ്റുമ്പോള്‍ സമസ്തയുമായി മികച്ച ബന്ധം സൂക്ഷിക്കുന്ന ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെ ഇൗ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് ആവശ്യം. പാര്‍ട്ടിയുടെ ദേശീയ സഹ ഭാരവാഹി സ്ഥാനവും തിരൂരങ്ങാടി പോലുള്ള ഒരു നിയമസഭാ സീറ്റും വേണമെന്ന സലാമിന്റെ ആവശ്യം ലീഗ്് പരിഗണിച്ചേക്കും. പി.കെ. കുഞ്ഞാലിക്കുട്ടി ലീഗ് സംസ്ഥാന നേതൃസ്ഥാനത്ത് വന്നാല്‍ സമസ്തയുമായുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. സലാമിനെ മാറ്റണമെന്ന് സമസ്തയിലെ ലീഗ് അനുകൂലികള്‍ മുസ്ലിം ലീഗ് നേതൃത്വത്തോട് ഇതിനകം ആവശ്യം ഉന്നയിച്ചതാണ്.
ലീഗ് പുനഃസംഘടന എല്ലാ സംസ്ഥാനങ്ങളിലും ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. കേരളത്തിലെ പുനഃസംഘടന എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കിയേക്കും. ഇതിനായി സംസ്ഥാനതല പുന:സംഘടനാ യോഗം ഉടന്‍ ചേരുകയും നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും. ഉപതെരഞ്ഞെടുപ്പിന് ശേഷം പുനഃസംഘടനാ യോഗം നടത്താന്‍ മുമ്പ് തീരുമാനിച്ചതാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധാരണയിലെത്തി അവരെ അതത് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ചുമതലപ്പെടുത്താനും നേതൃയോഗത്തില്‍ തീരുമാനിക്കും. കോഴിക്കോട് ജില്ലയിലെ ചില സീറ്റുകള്‍ വിട്ടുകൊടുക്കാനും ചിലത് ഏറ്റെടുക്കാനും ലീഗില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്.
വനിതയ്ക്കും യുവാക്കള്‍ക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യവും പരിഗണിച്ചേക്കും. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെമാത്രം രംഗത്തിറക്കി പരമാവധി സീറ്റുകള്‍ പിടിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയാണ് ലീഗ് നേതൃത്വത്തിന്റെ ലക്ഷ്യം.






