
കൊല്ലം: സംസ്ഥാന സമ്മേളനം നടക്കേണ്ട കൊല്ലത്ത് സി.പി.എം. വിഭാഗീയത തെരുവിലേക്ക്. കരുനാഗപ്പള്ളിയില്‍ സി.പി.എം. നേതാക്കളും സ്ത്രീകള്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരും കൈയാങ്കളിയിലേക്ക് കടന്നത് സംസ്ഥാന നേതൃത്വത്തിന് തലവേദനയായി. ജില്ലയില്‍ ചിലയിടങ്ങളില്‍ ലോക്കല്‍ സമ്മേളനങ്ങള്‍ അലങ്കോലപ്പെടുന്നതില്‍ നേതൃത്വം കടുത്ത അതൃപ്തിയിലാണ്. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി കുലശേഖരപുരം ലോക്കല്‍ സമ്മേളനം തര്‍ക്കത്തെ തുടര്‍ന്ന് അലങ്കോലപ്പെട്ടതാണ് ഒടുവിലത്തേത്.
ലോക്കല്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പ് ഉണ്ടായതോടെയാണ് തര്‍ക്കം രൂക്ഷമായത്. സമ്മേളനത്തില്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. രാജഗോപാല്‍, കെ. സോമപ്രസാദ് എന്നിവര്‍ക്കെതിരെയും ഒരു വിഭാഗം മുദ്രാവാക്യം വിളിച്ചു. എതിര്‍പ്പ് അവഗണിച്ച് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തതിനെതിരെ സമ്മേളന ഹാളിന് പുറത്തും പ്രതിഷേധമുണ്ടായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളെയടക്കം പ്രതിഷേധക്കാര്‍ സമ്മേളന ഹാളില്‍ പൂട്ടിയിട്ടു.
മത്സരത്തെ തുടര്‍ന്നു നിര്‍ത്തിവച്ച കുലശേഖരപുരം സൗത്ത് ലോക്കല്‍ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗങ്ങളുടെ സാന്നിധ്യത്തില്‍ നടത്തിയപ്പോള്‍ വീണ്ടും മത്സരമുണ്ടായി. തുടര്‍ന്നു സമ്മേളനം രണ്ടാമതും നിര്‍ത്തിവയ്ക്കേണ്ടി വന്നു. കഴിഞ്ഞ 11നു നടന്ന ലോക്കല്‍ സമ്മേളനത്തില്‍ ഒൗദ്യോഗിക പാനലിനെതിരെ 19 പേര് മത്സര രംഗത്ത് എത്തിയതിനെ തുടര്‍ന്നു നിര്‍ത്തിവച്ച ലോക്കല്‍ സമ്മേളനമാണ് വീണ്ടും പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാല്‍, കെ.സോമപ്രസാദ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു വീണ്ടും സമ്മേളനം നടന്നത്.
ഒൗദ്യോഗിക വിഭാഗം പാനല്‍ അവതരിപ്പിച്ചപ്പോള്‍ കഴിഞ്ഞ തവണത്തെ പോലെ മത്സരത്തിനു തയാറായി കൂടുതല്‍ പേര് വന്നു. അവര്‍ക്കും മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളമായി. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കിയെങ്കിലും മത്സരിക്കാന്‍ ഉറച്ചു നിന്നവര്‍ വഴങ്ങിയില്ല. തുടര്‍ന്നാണ് മത്സരം അനുവദിക്കില്ലെന്നറിയിച്ച് സമ്മേളനം വീണ്ടും നിര്‍ത്തിവയ്ക്കേണ്ടി വന്നത്.
ഇതേസമയം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. അവര്‍ ഇരു ചേരികളിലായി തിരിഞ്ഞായിരുന്നു സംഘര്‍ഷം. സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ തടയുകയും ചെയ്തു. സമ്മേളന വേദിയ്ക്ക് മുന്നിലെ ഗേറ്റ് പൂട്ടിയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ മാറ്റണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ലോക്കല്‍ സമ്മേളനത്തിലെ സംഘര്‍ഷത്തിന് പിന്നാലെ കരുനാഗപ്പള്ളിയില്‍ സി.പി.എം. വിമതരുടെ പ്രതിഷേധ പ്രകടനവും നടന്നു. തൊടിയൂര്‍, ആലപ്പാട്, കുലശേഖരപുരം സൗത്ത് ഉള്‍പ്പടെ അഞ്ച് ലോക്കല്‍ കമ്മിറ്റിയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സമ്മേളനത്തില്‍ പുതിയ പാനല്‍ അവതരിപ്പിച്ചതിലെ എതിര്‍പ്പാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പി.ഉണ്ണി മാറിയപ്പോള്‍ എച്ച്.എ. സലാം സെക്രട്ടറിയായത് ഗോവന്ദച്ചാമിക്ക് പകരം അമീറുല്‍ ഇസ്ലാം വന്നതിന് സമമാണെന്ന പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങിയത്.
സി.പി.എം. ജില്ലാ കമ്മറ്റി അംഗമായ പി.ആര്. വസന്തിനെതിരെയും പ്ലക്കാര്‍ഡ് ഉയര്‍ന്നു. അഴിമതിക്കാരായവരെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്ന് മാറ്റണമെന്ന ആവശ്യമുയര്‍ത്തിയായിരുന്നു സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരുടെ പ്രതിഷേധം. കരുനാഗപ്പള്ളിയിലെ പാര്‍ട്ടിയില്‍ ഒന്നാകെ അഴിമതിയുടെ കൂത്തരങ്ങായി മാറിയിട്ടുണ്ടെന്നും പണവും സമ്പത്തും ബാറുമെല്ലാമുള്ളവരാണ് കരുനാഗപ്പള്ളിയില്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്നും ഇത് പാവങ്ങളുടെ പ്രസ്ഥാനമാണെന്നും സ്ത്രീ പീഡന പരാതിയുള്ളവരെ പാര്‍ട്ടിയില്‍ വേണ്ടെന്നും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.
പുതിയ നേതൃനിരയിലുള്ളവര്‍ക്കെതിരെ നിരവധി പരാതികള്‍ നല്‍കിയെങ്കിലും അത് ചെവികൊണ്ടില്ലെന്നും എകപക്ഷീയ തീരുമാനമാണുണ്ടായതെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. പ്ലക്കാര്‍ഡുകളുമായെത്തിയ പ്രവര്‍ത്തകരെ കരുനാഗപ്പള്ളി സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസിന് മുമ്പില്‍ പോലീസ് തടഞ്ഞു. വിഭാഗീയത രൂക്ഷമായ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിക്ക് കീഴിലെ മറ്റ് ലോക്കല്‍ സമ്മേളനങ്ങളിലും തര്‍ക്കം തുടരാനാണ് സാധ്യത.





