
ദിലീപ് നായകനായി എത്തിയ കുബേരന് എന്ന സിനിമയിലൂടെ ബാലതാരമായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് കീര്‍ത്തി സുരേഷ്. അഭിനേത്രിയായിരുന്ന അമ്മ മേനകയും നിര്‍മ്മാതാവും അഭിനേതാവുമായ സുരേഷ് കുമാറും കീര്‍ത്തിയെന്ന അഭിനേത്രിക്ക് വലിയ പിന്തുണയാണ് നല്‍കിയിരുന്നത്. നായിക വേഷത്തില്‍ മലയാളത്തില്‍ തിളങ്ങിയ താരം പിന്നീട് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികയായി മാറി. അടുത്തിടെ ബോളിവുഡില്‍ വരുണ്‍ ധവാനൊപ്പം നായികയായി അഭിനയിച്ച് ഹിന്ദിയിലും അരങ്ങേറ്റം കുറിച്ചിരുന്നു താരം.
കഴിഞ്ഞ ദിവസമാണ് കീര്‍ത്തി തന്റെ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും തുറന്നു പറഞ്ഞത് . 15 വർഷത്തെ പ്രണയത്തിനൊടുവിലാണ് കീർത്തി തന്റെ സൂഹൃത്തായ ആന്റണി തട്ടിലിനെ വിവാഹം ചെയ്യാനൊരുങ്ങുന്നത്. കീർത്തിയുടെ ബാലകാല സൂഹൃത്താണ് ആന്റണി യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായിയും കൊച്ചിയിലെ ഒരു റിസോർട്ട് ശൃംഖലയുടെ ഉടമയും കൂടിയാണ്.
ഇപ്പോഴിതാ വിവാഹത്തിനു മുന്നോടിയായി തിരുമല തിരുപ്പതി ക്ഷേത്രം സന്ദർശിക്കാനെത്തിയ കീര്‍ത്തി തന്റെ വിവാഹവാര്‍ത്ത നേരിട്ട് അറിയിച്ചു. ‘‘അടുത്തത് ബേബി ജോണ്‍ എന്ന ഹിന്ദി ചിത്രത്തിലാണ് അഭിനയിക്കുക. അടുത്ത മാസം എന്റെ വിവാഹമാണ്. ഗോവയില്‍ വെച്ചാണ് വിവാഹം...’’ എന്നാണ് കീര്‍ത്തി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ഇരുവരുടെ പ്രണയബന്ധത്തെ കുറിച്ചുള്ള സൂചന കീർത്തി തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചിരുന്നു.
മാതാപിതാക്കളായ മേനകയും സുരേഷും കീർത്തിക്കൊപ്പം ക്ഷേത്രസന്ദർശനം നടത്തിയിരുന്നു. ഡിസംബറില്‍ 11ന് ഗോവയില്‍ വെച്ചാകും കീർത്തി സൂരേഷിന്റെ വിവാഹമെന്ന റിപ്പോർട്ടുകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. ഇത് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുകയാണ് താരം. 15 വർഷത്തെ പ്രണയമാണ് ഇരുവരുടേതെങ്കിലും കീർത്തിയും ആന്റണിയും ഒരിക്കിലും ഒരുമിച്ചു ഒരു പൊതുവേദി കണ്ടിട്ടില്ല. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇതുവരെ ഒരു സോഷ്യല്‍ മീഡിയ പേജിലും വന്നിട്ടില്ല. 2008 മുതലാണ് കീർത്തിയും ആന്റണിയും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നതെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തിരുപ്പതി ക്ഷേത്രസന്ദർശനത്തിനിടെയാണ് കീർത്തി സുരേഷ് ഇക്കാര്യം അറിയിച്ചത് #KeerthySuresh #KeerthySureshWedding #keerthysureshantonythattilhttps://t.co/jwrCUUbNEf
— TV9 Malayalam (@tv9malayalam) November 29, 2024
പ്രിയദർശൻ-മോഹൻലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗീതാഞ്ജലിയിലൂടെയാണ് കീര്‍ത്തി നായികയായി മലയാളത്തില്‍ എത്തിയത്. പിന്നീട് ദിലീപിനൊപ്പം നായികയായി റിംഗ് മാസ്റ്ററിലും അഭിനയിച്ചു. തമിഴില്‍ ഇതു എന്ന മായം എന്ന ചിത്രത്തിലൂടെ അരങ്ങേറി. പിന്നാലെ മഹാനടി എന്ന സിനിമയിലൂടെ തെലുങ്കില്‍ നിറയെ ആരാധകരെ കീർത്തി നേടിയെടുത്തു. രഘു താത്ത, റിവോള്‍വർ റീത്ത തുടങ്ങിയ ചിത്രങ്ങള്‍ ഇനിയും കീർത്തിയുടേതായി റിലീസാകാനുണ്ട്. വരുണ്‍ ധവാൻ നായകനാകുന്ന ബേബി ജോണ്‍ എന്ന ബോളിവുഡ് ചിത്രം കീർത്തിയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നു.






