
മാസ്സ് സിനിമകള്‍ മലയാളത്തിന് എക്കാലവും സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ഷാജി കൈലാസ്. ആരാധന തോന്നുന്ന നായക കഥാപാത്രങ്ങളെ സമ്മാനിച്ച, ബിഗ് സ്ക്രീനില്‍ ഏറ്റവുമധികം കൈയടികള്‍ വാരിക്കൂട്ടിയ, രോമാഞ്ചം നല്കിയ, ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തു വയ്ക്കുന്ന മാസ്സ് സംഭാഷണങ്ങള്‍ നല്കിയ മറ്റൊരു സംവിധായകന് മലയാളത്തിലുണ്ടോ എന്നു തന്നെ സംശയമാണ്. വര്‍ഷങ്ങള്‍ക്കു ശേഷവും ഷാജി കൈലാസിന്റെ ഒരു സിനിമ തിയേറ്ററിലെത്തുന്നു എന്നു കേള്‍ക്കുമ്പോള്‍ ആരാധകര്‍ക്ക് ആവേശമാണ്.
ഷാജി കൈലാസിന്റെ നായക കഥാപാത്രങ്ങള്‍ മാത്രമല്ല പ്രതിനായക കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വില്ലനായി എത്തിയ കൈയടി നേടിയ ഒരുപാട് താരങ്ങള്‍ ഷാജി കൈലാസിന്റെ സിനിമകളിലുണ്ട്.
ഇപ്പോഴിതാ തന്റെ സിനിമകളിലെ വില്ലനെക്കുറിച്ച് പറയുകയാണ് ഷാജി കൈലാസ്. വില്ലനെ ഏറ്റവുമധികം സ്ക്രോര്‍ ചെയ്താലല്ലേ നായകന് കേറാന്‍ പറ്റൂവെന്നും തന്റെ സിനിമകളിലെ വില്ലന്മാര് എപ്പോഴും സ്ട്രോംഗാണെന്ന് പറയുകയാണ് ഷാജി കൈലാസ്.
‘‘മമ്പറം ബാവ എന്ന വല്യേട്ടനിലെ കഥാപാത്രത്തെ എൻ എഫ് വർഗീസ് ഗംഭീരമായി അവതരിപ്പിച്ചു. ശബ്ദം കൊണ്ടും പ്രകടനം കൊണ്ടും അസാധ്യമായാണ് കഥാപാത്രത്തെ എൻ എഫ് വർഗീസ് അവതരിപ്പിച്ചത്. മമ്പറം ബാവ ചെയ്യുമെന്ന് പറഞ്ഞാല്‍ ചെയ്യും എന്ന് നമുക്കും തോന്നുന്ന രീതിയിലായിരുന്നു അഭിനയം. വില്ലന്മാർ സ്കോർ ചെയ്താലാണ് നായകന്മാർക്കും മുന്നോട്ടു വരാൻ കഴിയുന്നത്. തന്റെ സിനിമകളിലെ വില്ലന്മാർ ശക്തരായിരിക്കും.
കോമ്പാക്റ്റായിട്ടാണ് എൻ എഫ് വർഗീസിന്റെ സീൻ ഷൂട്ട് ചെയ്തത്. പക്ഷെ അദ്ദേഹത്തിന്റെ പ്രകടനവും ശബ്ദവുമെല്ലാം അസാധ്യമായിരുന്നു. മമ്പറം ബാവ ചെയ്യുമെന്ന് പറഞ്ഞാല്‍ അത് ചെയ്തിരിക്കും എന്ന് തോന്നിപ്പോകും. വില്ലൻ സ്കോർ ചെയ്താല്‍ ആണല്ലോ ഹീറോയ്ക്കും കേറി വരാനാകൂ. എന്റെ മിക്ക സിനിമകളിലും വില്ലന്മാർ ശക്തരായിരിക്കും.
ഒറ്റപ്പാലത്ത് തൂവാനത്തുമ്പികള്‍ എന്ന സിനിമ ഷൂട്ട് ചെയ്ത ലൊക്കേഷനിലാണ് മമ്പറം ബാവയുടെ ഇൻട്രോ സീൻ ഷൂട്ട് ചെയ്തത്. സ്ക്രിപ്റ്റിങ്ങില്‍ തന്നെ ഉറപ്പിച്ച ഒരു രംഗമായിരുന്നു തിളച്ച പാല് ഒഴിക്കുന്ന സീൻ. ഇവരെല്ലാം നല്ല ആർട്ടിസ്റ്റുകള്‍ ആയതുകൊണ്ട് ഒറ്റ ടേക്കില്‍ തന്നെ മിക്കവാറും കാര്യങ്ങള്‍ ഒക്കെ ആകുമായിരുന്നു...’’ ഷാജി കൈലാസ് പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്. വല്യേട്ടൻ ഡിജിറ്റല്‍ മാസ്റ്റർ ചെയ്ത ശേഷം തിയറ്ററിലിട്ട് കണ്ടിരുന്നു എന്നും മമ്മൂക്ക എന്ന താരത്തിന്റെ ഗ്ലാമറും പവറും അമ്പരപ്പിച്ച പടമാണ് വല്യേട്ടൻ എന്നാണ് ഷാജി കൈലാസ് റി റിലീസിനെക്കുറിച്ച് പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് ഷാജി കൈലാസ്- മമ്മൂട്ടി ചിത്രം വല്ല്യേട്ടൻ വീണ്ടും തിയറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ റീ റിലീസിനും വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 24 വർഷങ്ങള്‍ക്ക് മുൻപ് കേരളാ ബോക്സ് ഓഫീസില്‍ ആരവം തീർത്ത മമ്മൂട്ടി ചിത്രം വല്യേട്ടൻ വീണ്ടും സ്ക്രീനിലെത്തുന്നത് കാലത്തിനൊപ്പം മുന്നേറ്റി സിനിമയുടെ ശബ്ദ സാങ്കേതിക മികവിനെ കൂടി ഉള്‍ക്കൊണ്ടാണ്. അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ ബൈജു അമ്പലക്കര നിർമ്മിച്ച ചിത്രം 4K ഡോള്‍ബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ആണ് സിനിമ സംവിധാനം ചെയ്തത്.






