
ആലപ്പുഴ: ചന്ദ്രിക ദിനപത്രത്തിന്റെ പ്രചാരണ പരിപാടിയുടെ ഉദ്ഘാടനത്തില്‍ നിന്ന് പിന്മാറി സിപിഐഎം നേതാവ് ജി സുധാകരന്. ഇന്ന് രാവിലെ സുധാകരന്റെ വീട്ടില്‍വെച്ച് ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ മാധ്യമങ്ങള്‍ എത്തിയതോടെ പരിപാടിയില്‍ നിന്ന് പിന്മാറുകയായിരുന്നു.
സിപിഐഎം വേദികളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു എന്ന ആരോപണം ഉയരുന്നതിനിടെയാണ് ജി സുധാകരന് ഇന്ന് ക്യാമ്പയിന് ഉദ്ഘാടനം ചെയ്യാമെന്ന് ഏറ്റത്. ഇതിനായി എല്ലാ തയ്യാറെടുപ്പും നടത്തി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ ജി സുധാകരന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ വിവാദത്തിന് താത്പര്യമില്ലെന്ന് വ്യക്തമാക്കിയ ജി സുധാകരന് പിന്മാറുകയായിരുന്നുവെന്നാണ് വിവരം.
പലഘട്ടങ്ങളില്‍ സുധാകരന് പാര്‍ട്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ സിപിഐഎം അമ്പലപ്പുഴ ഏരിയാസമ്മേളനത്തിലേക്ക് ജി സുധാകരനെ ക്ഷണിക്കാത്തത് ചര്‍ച്ചയായിരുന്നു. ഉദ്ഘാടന സമ്മേളനത്തിലും ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ നിന്നും ജി സുധാകരനെ ഒഴിവാക്കിയിരുന്നു. സുധാകരന്റെ വീടിനടുത്താണ് ഇത്തവണ പൊതുസമ്മേളന വേദി. എന്നാല്‍ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ക്ഷണിക്കാതിരുന്നതെന്നായിരുന്നു ജില്ലാ സെക്രട്ടറി ആര് നാസറിന്റെ പ്രതികരണം. പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കാറുണ്ട്. നിലവില്‍ പാര്‍ട്ടി അംഗം മാത്രമാണ് ജി സുധാകരനെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തിരുന്നു.






