
ചെന്നൈ/തിരുവനന്തപുരം: തമിഴ്നാട്ടിലും പുതുച്ചേരിയിലും വ്യാപകനാശം വിതച്ച് ഫെന്‍ഗല്‍ ചുഴലിക്കാറ്റിന് പിന്നാലെ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ള കേരളത്തില്‍ ഇന്നു നാലു ജില്ലകളില്‍ റെഡ് അലെര്‍ട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലെര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടാണ്.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും നാളെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും നാലിന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള തീരത്ത് ഇൗമാസം നാലു വരെയും ലക്ഷദ്വീപ് തീരത്ത് അഞ്ചുവരെയും കര്‍ണാടക തീരത്ത് മൂന്ന്, നാല് തീയതികളിലും മത്സ്യബന്ധനത്തിനു പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രകൃതിക്ഷോഭമടക്കം ഏതു പ്രതികൂലസാഹചര്യം നേരിടാനും അടിയന്തരസാഹചര്യങ്ങളില്‍ തീര്‍ഥാടകര്‍ക്ക് സഹായമേകാനും ദേശീയ ദുരന്തനിവാരണ സേന (എന്‍.ഡി.ആര്.എഫ്) പമ്പയിലും സന്നിധാനത്തും സജ്ജമാണ്. ചെന്നൈ ആരക്കോണം നാലാം ബറ്റാലിയനില്‍നിന്നുള്ള 79 പേരടങ്ങിയ സംഘമാണ് ശബരിമലയിലുള്ളത്.
പമ്പയില്‍ 33 പേരും സന്നിധാനത്ത് 46 പേരുമാണ് കര്‍മനിരതരായുള്ളത്. മരംവെട്ടാനുള്ള അത്യാധുനിക ഉപകരണങ്ങള്‍, എട്ട് റബറൈസ്ഡ് ബോട്ടുകള്‍, സാറ്റലൈറ്റ് ഫോണുകള്‍, ക്യുക് ഡിപ്ലോയബിള്‍ ആന്റിന, സ്ട്രെച്ചറുകള്‍ അടക്കമാണ് എന്‍.ഡി.ആര്.എഫിന്റെ പ്രവര്‍ത്തനം. സന്നിധാനത്തും നടപ്പന്തലിലുമായി രണ്ടു സംഘങ്ങളുണ്ട്. ആരോഗ്യപ്രശ്നങ്ങളാല്‍ കുഴഞ്ഞുവീഴുന്നവരെ സ്ട്രെച്ചറില്‍ ആശുപത്രി യിലെത്തിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ് എന്‍.ഡി.ആര്.എഫ്. സംഘം.
സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് എന്‍.ഡി.ആര്.എഫ്. ശബരിമലയില്‍ എത്തിയത്. കാലാവസ്ഥ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നല്കുന്ന നിര്‍ദേശങ്ങളനുസരിച്ചാണ് എന്‍.ഡി.ആര്.എഫ്. പ്രവര്‍ത്തിക്കുക. ഫെംഗല്‍ ചെന്നൈ നഗരത്തിലും പുതുച്ചേരിയിലും പ്രളയസമാന സാഹചര്യം സൃഷ്ടിച്ചു. രണ്ടിടങ്ങളിലുമായി 9 പേര് മരിച്ചു. അയല്‍രാജ്യമായ ശ്രീലങ്കയിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ 16 ആണ് മരണസംഖ്യ.
പുതുച്ചേരിയില്‍ തീവ്ര മഴയാണ് ലഭിച്ചത്; 24 മണിക്കൂറിനിടെ 48.4 സെന്റീമീറ്റര്‍. കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതാണിത്.
കാറ്റിനു മുന്നോടിയായി പെയ്ത കനത്തമഴയില്‍ ചെന്നൈ നഗരത്തിലെ പ്രധാന റോഡുകള്‍ വെള്ളക്കെട്ടിലായി. വിമാനത്താവളത്തില്‍ റണ്‍വേയില്‍ വെള്ളംകയറി. ഞായറാഴ്ച പുലര്‍ച്ചെവരെ 20 വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. പിന്നീട് സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു.
റെയില്‍വേ ട്രാക്കുകളില്‍ വെള്ളംകയറിയതിനെത്തുടര്‍ന്ന് സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. ഏതാനും ദീര്‍ഘദൂര ട്രെയിനുകള്‍ ചെന്നൈ സെന്‍ട്രലില്‍ എത്താതെ പെരമ്പൂരില്നിന്നു വഴിതിരിച്ചുവിട്ടു. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവര്‍ക്കായി സൈന്യവും എന്‍.ഡി.ആര്.എഫ് സംഘവും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. നിരവധിപേരെ പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റി. വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ടുപോയവരെ ബോട്ടുകളിറക്കിയാണ് എന്‍.ഡി.ആര്.എഫ് രക്ഷപ്പെടുത്തിയത്.






