
ഇന്ത്യയിലേക്ക് മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാനായി തിരിച്ച 54 ഇസ്കോൺ സന്യാസിമാരെ തടഞ്ഞ് ബംഗ്ലാദേശ്. മതിയായ യാത്ര രേഖകളുണ്ടായിട്ടും സന്യാസിമാരെ അതിർത്തി കടക്കാൻ അനുവദിച്ചില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സന്യാസിമാരെ അതിർത്തിയിൽ വെച്ച് തടഞ്ഞ അധികൃതർ മണിക്കൂറുകളോളം കാത്തിരിപ്പിന് ശേഷം ഇന്ത്യയിലേക്കുള്ള യാത്രക്ക് അനുമതി നൽകാനാവില്ലെന്ന് അറിയിക്കുകയായിരുന്നു.
ഉന്നത അധികാരികൾ ഇന്ത്യയിലേക്ക് പോകാൻ അനുവാദം നൽകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പ്രതികരിച്ചത്. ഇസ്കോൺ അംഗങ്ങൾക്ക് പാസ്പോർട്ടും വിസയും ഉണ്ടായിരുന്നു, എന്നാൽ യാത്രക്കുള്ള പ്രത്യേക അനുമതി ഇല്ലെന്നാണ് ഉദ്യോഗസ്ഥന്റെ പ്രതികരണം. ബംഗ്ലാദേശിൽ ഇസ്കോണുമായി ബന്ധപ്പെട്ട പ്രമുഖരെ അറസ്റ്റ് ചെയ്യുകയും ബാങ്ക് അക്കൌണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്കോൺ സന്യാസിമാർക്ക് ഇന്ത്യയിലേക്ക് പോകാനുള്ള യാത്ര അനുമതിയും നിഷേധിച്ചത്.






