
മോഡലിംഗിലൂടെ മിസ് ഇന്ത്യ പട്ടം നേടി പിന്നീട് ബോളിവുഡില്‍ തിളങ്ങിയ താരമാണ് പ്രിയങ്ക ചോപ്ര. ക്വാന്‍ഡിക്കോ എന്ന ത്രില്ലര്‍ സീരീസിലൂടെയാണ് പ്രിയങ്ക ഹോളിവുഡില്‍ തിളങ്ങിയത്. അതോടെ ഗ്ലോബല്‍ സ്റ്റാര്‍ എന്ന വിശേഷണവും താരത്തിന് ലഭിച്ചു. അമേരിക്കന്‍ പോപ്പ് ഗായകനായ നിക്ക് ജോനസിനെ വിവാഹം ചെയ്ത താരം മകളായ മാള്‍ട്ടി മേരി ചോപ്രയ്ക്കും നിക്കിനുമൊപ്പം അമേരിക്കയിലാണിപ്പോള്‍ താമസം.
പ്രിയങ്കയുടെ സ്വകാര്യ ജീവിതത്തില്‍ മാത്രമല്ല പ്രൊഫഷണല്‍ ജീവിതത്തിലും നിര്‍ണ്ണായക പങ്കുവഹിച്ചത് അമ്മ മധു ചോപ്രയായിരുന്നു. പ്രിയങ്കയുടെ അച്ഛനായ അശോക് ചോപ്രയുടെ എതിർപ്പ് പോലും അവഗണിച്ചാണ് മധു ചോപ്ര പ്രിയങ്കയെ സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുപ്പിച്ചത്. നല്ല വിദ്യാഭ്യാസത്തിനായി തീരെ ചെറുതായിരുന്ന മകളെ ബോഡിങ് സ്കൂളില്‍ അയച്ചതിനെക്കുറിച്ച് കണ്ണീരോടെയാണ് എന്നും മധു ചോപ്ര ഓർക്കുന്നത്.
ഇപ്പോഴിതാ പ്രിയങ്കയുടെ അച്ഛനായ അശോക് ചോപ്രയുടെ കാൻസർ ദിനങ്ങളെക്കുറിച്ച് മനസ്സു തുറക്കുകയാണ് മധു ചോപ്ര. തന്റെ ജീവിതത്തിലെ ഏറ്റവും ദുർബലമായ സമയമായിരുന്നു അതെന്നും ആ സമയം എല്ലാ സഹായവുമായി കൂടെ നിന്നത് നടൻ ഹൃത്വിക് റോഷന്റെ കുടുംബമായിരുന്നെന്നും മധു ചോപ്ര പറഞ്ഞു.
‘‘പ്രിയങ്കയുടെ പിതാവ് അശോകിന് കാൻസർ ആയിരുന്നു. ഒരു ഘട്ടമെത്തിയപ്പോള്‍ അദ്ദേഹത്തിന് തീരെ വയ്യാതായി. എന്റെ സഹോദരൻ വിദേശത്തായിരുന്നു. രക്ഷപ്പെടാന്‍ അഞ്ച് ശതമാനം സാധ്യതയെങ്കിലുമുണ്ടെങ്കില്‍ അദ്ദേഹത്തെ ബോസ്റ്റണിലേക്ക് കൊണ്ടു വരാന്‍ എന്റെ സഹോദരന് പറഞ്ഞു. എന്നാല്‍ വിമാന മാർഗം അദ്ദേഹത്തെ ബോസ്റ്റണിലേക്ക് കൊണ്ടു പോവുകയെന്നത് അത്ര എളുപ്പമായിരുന്നില്ല. മതിയായ രേഖകളുണ്ടായിട്ടും ഗുരുതരമായ അവസ്ഥയിലുള്ള രോഗിയെ കൊണ്ടുപോകാൻ വിമാനകമ്പനി അധികൃതർ അനുവദിച്ചില്ല.
ഈ സമയത്ത് ക്രിഷ് സിനിമയില്‍ അഭിനയിക്കുകയായിരുന്നു പ്രിയങ്ക. തകർന്നിരിക്കുന്ന പ്രിയങ്കയോട് ഹൃത്വിക് കാര്യം തിരിക്കി. തന്റെ ആശങ്കയും സങ്കടവും ഹൃത്വിക്കിനോടും പിതാവ് രാകേഷ് റോഷനോടും അവള് പങ്കുവെച്ചു. അവരാണ് പിന്നെ ഞങ്ങളെ സഹായിച്ചത്. അശോകിനെ ചികിത്സക്ക് കൊണ്ടുപോകുന്നതിനായി അവരാല്‍ കഴിയുന്നതെല്ലാം ആ അച്ഛനും മകനും ചെയ്തു. അവരുടെ സഹായത്താലാണ് പ്രിയങ്കയുടെ അച്ഛനെ ചികിത്സക്കായി വിദേശത്ത് കൊണ്ടു പോയത്...’’ മധു ചോപ്ര പറഞ്ഞു.






