
ഹരിയാന: അകാലിദള്‍ നേതാവ് സുഖ്ബീര്‍സിംഗ് ബാദലിന് നേരെ സുവര്‍ണക്ഷേത്രത്തിനുള്ളില്‍ വധശ്രമം. ബാദലിന് നേരെ ഒരാള്‍ വെടിവെച്ചു. ഉടന്‍ അക്രമിയെ ആളുകള്‍ ചേര്‍ന്ന് പിടികൂടി. ബാദല്‍ സുരക്ഷിതനാണ്. നാരായണ്‍ സിംഗ് എന്നയാളാണ് വെടിവെച്ചത് ഇയാളെ പോലീസിന് കൈമാറി. ആക്രമണ കാരണം കണ്ടെത്താനായി നാരായണ്സിംഗിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
വെടിയേല്‍ക്കുന്നതില്‍ നിന്നും തലനാരിഴയ്ക്കായിരുന്നു ബാദല്‍ രക്ഷപ്പെട്ടത്. അമൃത്സറില് നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള ഗുര്‍ദാസ്പൂര്‍ ജില്ലക്കാരനാണ് നാരായണ്‍ സിംഗ് ചൗര. ഇന്ന് രാവിലെ അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തിന്റെ കവാടത്തില്‍ വീല്‍ചെയറില്‍ ഇരിക്കുമ്പോഴാണ് ബാദലിന് നേരെ ഇയാള്‍ വെടിയുതിര്‍ത്ത്. സംഭവത്തിന്റെയും ഇയാളെ നാട്ടുകാര്‍ പിടികൂടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നാരായണ്‍ പതിയെ ഗേറ്റിനടുത്തേക്ക് വരുന്നതും അതിന് ശേഷം വേഗം ഒരു തോക്ക് പുറത്തെടുക്കുകയും ചെയ്തു. എന്നാല്‍ ബാദലിന്റെ അടുത്ത് നില്ക്കുന്ന ഒരാള്‍ കൃത്യസമയത്ത് അവനെ കാണുകയും കയ്യില്‍ കയറി പിടിക്കുകയും ചെയ്തു. ദിശമാറിയതിനാല്‍ ബാദലിന് വെടിയേറ്റില്ല.
സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ പെട്ടെന്ന് തന്നെ ഓടിയെത്തി വെടിവെച്ചയാളെ കീഴടക്കി. മുന്‍ പഞ്ചാബ് ഉപമുഖ്യമന്ത്രിയായ 62 കാരനുമായ ബാദലിനും മറ്റു ചില അകാലിദള്‍ നേതാക്കള്‍ക്കും മതപരമായ ശിക്ഷയായ അകല് തഖ്ത് നല്കിയതിനാല് അദ്ദേഹം സുവര്‍ണ ക്ഷേത്രത്തില്‍ 'സേവാദര്‍' ചുമതലകള്‍ നിര്‍വഹിച്ചുവരികയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി, ബാദല്‍ കാല് പ്ലാസ്റ്റര്‍ ഇട്ട നിലയില്‍ സേവാദറിന്റെ നീല യൂണിഫോറവും ധരിച്ച് വീല്‍ചെയറില്‍ കുന്തവും പിടിച്ച് സുവര്‍ണ്ണ ക്ഷേത്രത്തിന്റെ ഗേറ്റില്‍ ഇരിക്കുകയായിരുന്നു. ഇതിനിടയിലായിരുന്നു ആക്രമണം.






