
ന്യൂഡല്‍ഹി: ഉദ്യോഗാര്‍ത്ഥിയെ ബലാത്സംഗം ചെയ്തു എന്ന ആരോപണത്തില്‍ കുടുങ്ങിയ രാജിവെച്ച മേഘാലയാ ഗവര്‍ണര്‍ വി ഷണ്‍മുഖനാഥനെതിരേ ഗുരുതരമായ ആരോപണവുമായി ഇരയായ യുവതി. അഭിമുഖത്തിനെത്തിയ തന്നെ അതിന് ശേഷം ഗവര്‍ണ്ണര്‍ വാരി പുണര്‍ന്നെന്നും ചുംബിച്ചെന്നുമുള്ള യുവതിയുടെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത് എന്‍ഡിടിവിയാണ്.
ഗവര്‍ണറുമായുള്ള അഭിമുഖ പരീക്ഷ തനിക്ക് പേടിസ്വപ്നമായി മാറിയെന്നും ആദ്യം തന്നോട് അനേകം വ്യക്തിപരമായ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം ശക്തമായി കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തതായി യുവതിയുടെ കയ്യെഴുത്ത് പ്രതിയെ ഉദ്ധരിച്ചാണ് എന്‍ഡിടിവി വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. യുവതിയുടെ പരാതിയിലാണ് ഷില്ലോംഗിലെ ഗവര്‍ണേഴ്സ് ഹൗസിലെ 98 ജീവനക്കാര്‍ ചേര്‍ന്ന് പ്രധാനമന്ത്രിക്ക് എഴുതാന്‍ തീരുമാനിച്ചതും. ഷണ്മുഖനാഥന് പദവി ദുരുപയോഗം ചെയ്യുന്നെന്നും രാജ്ഭവനെ വനിതാക്ളബ്ബാക്കി മാറ്റുന്നെന്നുമാണ് പറഞ്ഞിട്ടുള്ളത്.
ഇക്കാര്യത്തില്‍ കേന്ദ്രം ഷണ്മുഖനാഥനില് നിന്നും വിശദീകരണം തേടിയിട്ടുണ്ട്. ഈ ആഴ്ച ആദ്യമായിരുന്നു വിശദീകരണം തേടിയതെങ്കിലും വാര്‍ത്തകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ ഷണ്മുഖനാഥന്റെ രാജി പ്രസിഡന്റ് സ്വീകരിച്ചിട്ടുണ്ട്. ശക്മായ ആര്‍എസ്എസ് ബന്ധമുള്ളയാളും ബിജെപിയുടെ ഉപദേശകനുമൊക്കെയായ ഷണ്‍മുഖനാഥനെതിരേ രാജ്ഭവന് ഉദ്യോഗസ്ഥര്‍ മോഡിക്കെഴുതിയ കത്ത് വൈറലായി മാറിയിട്ടുണ്ട്.
ചുമതലയേറ്റത് മുതല്‍ രാജ്ഭവനിലെ ജീവനക്കാര്‍ക്ക് ശാരീരിക മാനസീകമായ അനേകം അപമാനമാണ് സഹിക്കേണ്ടി വന്നത്. തന്റെ സ്റ്റാഫുകളായി ഷണ്മുഖനാഥന് നിയോഗിച്ചിരുന്നത് മുഴുവന്‍ പെണ്ണുങ്ങളെ ആയിരുന്നു. യുവതികള്‍ പതിവായി വരികയും പോകുകയും ചെയ്യുന്ന ഇടമായി രാജ്ഭവന് മാറിയെന്നും പല യുവതികളും അദ്ദേഹത്തില്‍ നിന്നും നേരിട്ട് നിര്‍ദേശം വാങ്ങിയിരുന്നതായും പറയുന്നു. മിക്ക സ്ത്രീകള്‍ക്കും സുരക്ഷാപ്രതിസന്ധികളെയെല്ലാം മറന്ന് അദ്ദേഹത്തിന്റെ കിടപ്പറയിലേക്ക് പോലും പ്രവേശനമുണ്ടായിരുന്നു.
രാജ്ഭവന്റെ പ്രതിഛായ തന്നെ മോശമാക്കിയെന്നും ജീവനക്കാരെ മാനസീകമായി പീഡിപ്പിച്ചിരുന്നതായും ആരോപിക്കുന്നു. അപമാനം സഹിക്കാന്‍ കഴിയാതെ ഒരു ഡെപ്യൂട്ടി സെക്രട്ടറിക്ക് സ്ട്രോക്ക് വരികയും ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ മരിച്ചു പോകുകയും ചെയ്തതായും ജീവനക്കാര്‍ ആരോപിച്ചു. 2015 ലായിരുന്നു ഷണ്‍മുഖനാഥനെ മേഘാലയ ഗവര്‍ണറായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്.






