
കൊച്ചി: കണ്ണൂര്‍ മുന്‍ എ.ഡി.എം: കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ. അനേ്വഷണം വേണ്ടെന്നു സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയെ ഇന്ന് ഇക്കാര്യം അറിയിക്കും. പോലീസ് അനേ്വഷണം ശരിയായ ദിശയിലാണെന്നും കുടുംബത്തിന്റെ എല്ലാ ആശങ്കകളും പരിശോധിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന ആരോപണത്തിലും അനേ്വഷണം നടത്തും. നവീന്‍ ബാബുവിന്റെ ഭാര്യ നല്കിയ ഹര്‍ജി ഇന്നാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
പോലീസ് അനേ്വഷണത്തില്‍ പാളിച്ചകളില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. അനേ്വഷണം സി.ബി.ഐക്കു വിടേണ്ട സാഹചര്യമില്ലെന്നും കോടതിയിയെ അറിയിക്കും. സി.ബി.ഐ. അനേ്വഷണം ആവശ്യമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നേരത്തേ നിലപാടെടുത്തിരുന്നു.എ.ഡി.എമ്മിന്റേത് കൊതപാതകമാണെന്നും പ്രതിയായ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി.പി. ദിവ്യയെ രക്ഷിച്ചെടുക്കാനാണു പോലീസിനു വ്യഗ്രതയെന്നും നവീന്‍ ബാബുവിന്റെ കുടുംബം കോടതിയെ അറിയിച്ചിരുന്നു.
സംസ്ഥാന പോലീസിന്റെ അനേ്വഷണത്തില്‍ തങ്ങള്‍ക്കു ലവലേശം വിശ്വാസമില്ലെന്നും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്കിയ ഹര്‍ജിയില്‍ പറയുന്നു. പ്രതിയായ പി.പി. ദിവ്യ സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റി അംഗമാണ്. പോഷകസംഘടനകളുടെ ഭാരവാഹിയാണ്. രാഷ്ട്രീയ സ്വാധീനമുള്ളയാളാണ്. അതിനാല്‍, കേസ് അട്ടിമറിക്കപ്പെട്ട നിലയിലാണ്. എസ്.ഐ.ടി. എന്നത് പേരിനു മാത്രമാണ്.
തെളിവുകള്‍ ശേഖരിക്കാന്‍ അവര്‍ക്കു താല്പര്യമില്ല. പ്രതിയുമായി ചേര്‍ന്നു രക്ഷപ്പെടാനുള്ള വ്യാജതെളിവുകളുടെ ശേഖരണമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനാല്‍, കുറ്റപത്രം സമര്‍പ്പിക്കാന്‍ കോടതി അനുവദിക്കരുതെന്നുമാണ് ഹര്‍ജിക്കാരിയുടെ ആവശ്യം. കൊലപാതകമെന്ന് എങ്ങനെ പറയാനാകുമെന്നു ചോദിച്ച സിംഗിള്‍ ബെഞ്ച്, കുറ്റപത്രം സമര്‍പ്പിക്കുന്നതുകൊണ്ട് എന്താണു കുഴപ്പമെന്നും ആരാഞ്ഞിരുന്നു. അന്തിമ റിപ്പോര്‍ട്ട് നല്കിയാലും സി.ബി.ഐ. അനേ്വഷണത്തിന് ഉത്തരവിടാനുള്ള നിയമവഴികളുണ്ട്.
അങ്ങനെ സംഭവിച്ചാല്‍ വ്യാജ തെളിവുകള്‍ കുത്തിനിറച്ച് പ്രതിയെ രക്ഷിച്ചെടുക്കാനുള്ള റിപ്പോര്‍ട്ടാകും കോടതിയില്‍ എത്തുകയെന്നായിരുന്നു ഹര്‍ജിക്കാരിയുടെ മറുപടി. രാഷ്ട്രീയ സ്വാധീനത്തിനുമപ്പുറത്ത് പ്രതിയ്ക്ക് എങ്ങനെയാണു കേസിനെ വഴിതെറ്റിക്കാന്‍ കഴിയുകയെന്നായിരുന്നു കോടതിയുടെ മറുചോദ്യം. സി.ബി.ഐ. അനേ്വഷണം ഇല്ലെങ്കില്‍ ക്രൈംബ്രാഞ്ച് അനേ്വഷണമെങ്കിലും വേണമെന്നും നിലവിലെ അനേ്വഷണത്തില്‍ വിശ്വാസമില്ലെന്നുമാണു നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകന് അറിയിച്ചത്.






