
കൊച്ചി: സ്മാര്‍ട്ട് സിറ്റിയുടെ പ്രവര്‍ത്തനങ്ങളും പുരോഗതിയും സംബന്ധിച്ച അന്വേഷണങ്ങള്‍ തടസപ്പെടുത്തുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിച്ചതിലെ ദുരൂഹതയും മറനീക്കി പുറത്തുവരുന്നു. ടീകോമിനു നഷ്ടപരിഹാരം അനുവദിക്കാനുള്ള ആലോചന തുടങ്ങിയതു രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു തൊട്ടുപിന്നാലെ. എന്നാല്‍ നിയമപരമായി കരാര്‍ ലംഘിക്കാതെ മുന്നോട്ടുപോകാന്‍ കഴിയാതെ സര്‍ക്കാര്‍ ഇൗ വിഷയം വച്ചുതാമസിപ്പിച്ചു.
ഇതിനിടെ, മന്ത്രിസഭയിലെ പ്രമുഖര്‍ യു.എ.ഇ. സന്ദര്‍ശനവേളയില്‍ ദുബായ് ഹോള്‍ഡിങ്സ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചകള്‍ കാര്യങ്ങള്‍ക്ക് വേഗം കൂട്ടി. ടീകോമിന്റെ പിന്മാറ്റം തടയാന്‍ കഴിയാതിരുന്നത് അവരുടെ നയപരമായ തീരുമാനമെന്ന നിലയിലായിരുന്നു. യു.എ.ഇയ്ക്കു പുറത്തുള്ള ഐ.ടി. സംരംഭങ്ങളില്‍നിന്നുള്ള പിന്മാറ്റം ടീകോം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തിന് വന്‍സാമ്പത്തികബാധ്യത വരുമെന്നറിഞ്ഞിട്ടും നയതന്ത്രബന്ധങ്ങളെ മാനിച്ച് കടുത്ത നടപടികളില്‍നിന്ന് ഒഴിയാനായിരുന്നു സര്‍ക്കാരിനു ലഭിച്ച ഉപദേശം.
പദ്ധതിയില്‍ വീഴ്ച വന്നാല്‍ അക്കാര്യം സര്‍ക്കാരിന് ആറാഴ്ചക്കകം ടീകോമിനെ അറിയിക്കാന്‍ വ്യവസ്ഥയുണ്ടായിരുന്നു. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കുള്ള വിവരാവകാശ അപേക്ഷയ്ക്കു സര്‍ക്കാര്‍ കൈമലര്‍ത്തുകയായിരുന്നു. പദ്ധതി വിവരാവകാശപരിധിയിലല്ലെന്നായിരുന്നു മറുപടി.
സ്മാര്‍ട്ട് സിറ്റി കൊച്ചി പദ്ധതിയില്‍ കേരളസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എത്ര ശതമാനം ഭൂമി ഒഴിഞ്ഞുകിടക്കുന്നു എന്ന സുപ്രധാന ചോദ്യത്തിന് മറുപടി ലഭിച്ചില്ല.
പ്രവര്‍ത്തനം ആരംഭിച്ച കമ്പനികളുടെ എണ്ണം, സൃഷ്ടിച്ച തൊഴിലവസരങ്ങള്‍, പദ്ധതിയില്‍ ലഭ്യമായ മൊത്തം ഭൂമി, ഏറ്റെടുത്തത്, ഒഴിഞ്ഞ കിടക്കുന്ന ഭൂമി എന്നിവയുടെ രേഖകള്‍ ആവശ്യപ്പെട്ടാണ് വിവരാവകാശപ്രവര്ത്തകന് കെ. ഗോവിന്ദന് നമ്പൂതിരി സര്‍ക്കാരിനെ സമീപിച്ചത്.






