
തിരുവനന്തപുരം: ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍.എസ്.എസ്.) പ്രാബല്യത്തില്‍ വന്നതോടെ കോടതിയില്‍നിന്ന് കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ വെട്ടിലായി. കേന്ദ്രാനുമതി ഇല്ലാതെ ക്രിമിനല്‍ കേസുകള്‍ ഇനി പിന്‍വലിക്കാനാവില്ല. പൊതുസ്ഥലങ്ങളിലെ മദ്യപാനമടക്കം അബ്കാരി നിയമം അടിസ്ഥാനമാക്കിയുള്ള ചില്ലറ കേസുകളൊഴിച്ചുള്ളതൊന്നും പിന്‍വലിക്കാന്‍ ഇനി സംസ്ഥാനങ്ങളില്‍ പ്രോപ്രോസിക്യൂഷന് കഴിയില്ല. ഹെല്‍മറ്റ് പിഴയില്‍ പോലും തൊടാനാകില്ല.
കേന്ദ്രനിയമങ്ങളനുസരിച്ച് അന്വേഷിക്കുന്ന ഏതു കേസും പിന്‍വലിക്കുന്നത് ബിഎന്‍.എസ്.എസ്. വകുപ്പ് 360 അനുസരിച്ച് കേന്ദ്രത്തിന്റെ അധികാരത്തില്‍ നിക്ഷിപ്തമായിരിക്കും. നിയമസഭാ കൈയാങ്കളി അടക്കമുള്ള കേസുകള്‍ ഇനി ഏതു മുന്നണിയുള്ളവര് ആവര്‍ത്തിച്ചാലും കഥ കഴിയും.
നേരത്തെ സി.ആര്.പി.സി. 321 പ്രകാരം ഡല്‍ഹി സ്പെഷല്‍ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 1946 അനുസരിച്ചുള്ള കേസുകള്‍ക്കു മാത്രമേ കേന്ദ്രാനുമതി വാങ്ങേണ്ടിയിരുന്നുള്ളു. സി.ബി.ഐ. അന്വേഷിക്കുന്ന കേസുകള്‍ ഇതിനുദാഹരണമാണ്.
മാത്രമല്ല, ഏത് കേസ് പിന്‍വലിച്ചാലും ഇരയുടെ ഭാഗം കേള്ക്കണമെന്നുകൂടി ബി.എന്‍.എസ്.എസ്. 360 ല്‍ വ്യക്തമാക്കുന്നു. മാറിവരുന്ന സര്‍ക്കാരുകള്‍ രാഷ്ട്രീയ താല്പര്യങ്ങള്ക്ക് വഴങ്ങി കേസുകള്‍ പിന്‍വലിക്കുന്നത് വര്‍ധിച്ചുവരുന്നതിന് ബി.എന്‍.എസ്.എസ്. തടസമാകുമെന്നാണ് സൂചന. ഇത്തരമൊരു വ്യവസ്ഥ സിആര്‍പിസിയില്‍ ഇല്ലായിരുന്നു. പിന്‍വലിക്കുന്ന കേസുകളില്‍ കുറ്റപത്രം സമര്പ്പിക്കുന്നതിനുമുമ്പുള്ളത്, കുറ്റപത്രം വേണ്ടാത്തത് തുടങ്ങിയ വവ്യവസ്ഥകള് ബി.എന്‍.എസ്.എസില്‍ നിലനിര്‍ത്തിയിട്ടുണ്ട്.






