
തിരുവനന്തപുരം: സസ്പെന്‍ഷനിലായ ഐ.എ.എസ്. ഉദ്യോഗസ്ഥരായ എന്‍. പ്രശാന്ത്, കെ. ഗോപാലകൃഷ്ണന് എന്നിവരെ തിരിച്ചെടുത്തേക്കും. ഇരുവര്‍ക്കും എതിരെയുള്ള അച്ചടക്ക നടപടി വൈകാതെ അവസാനിപ്പിക്കും. അതിനിടെ എന്‍. പ്രശാന്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢനീക്കം നടന്നതായി സര്‍ക്കാരിന് രഹസ്യ റിപ്പോര്‍ട്ട് ലഭിച്ചെന്നാണു സൂചന. എന്നാല്‍ ആരാണ് തിരക്കഥകള്‍ക്ക് പിന്നിലെന്നു വ്യക്തമാക്കിയിട്ടില്ല.
മുഖ്യമന്ത്രി നേരിട്ടാണ് ഇൗ വിഷയം കൈകാര്യം ചെയ്യുന്നത്. 'ഉന്നതി'യിലെ ഫയലുകള്‍ കാണാതായെന്ന വാര്‍ത്തകള്‍ കളവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മത വിഭാഗിയത ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന ആരോപണമാണ് ഗോപാലകൃഷ്ണന് നേരിടുന്നത്. എന്നാല്‍, പ്രത്യേക സാഹചര്യത്തില്‍ തനിക്കു പറ്റിയ അബദ്ധമാണെന്നാണു ഗോപാലകൃഷ്ണന് പറയുന്നത്. കുറ്റാരോപണ മെമ്മോയ്ക്കു മറുപടി ലഭിച്ചാലുടന്‍ ഇരുവര്‍ക്കും താക്കീത് നല്കി തിരിച്ചെടുത്തേക്കും.
അഡീ. ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരേ വിമര്‍ശനം നടത്തിയത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നു എന്‍. പ്രശാന്തിനുള്ള മെമ്മോയില്‍ പറയുന്നു. 30 ദിവസത്തിനകം മെമ്മോയ്ക്ക് വിശദീകരണം നല്‍കണം. നവംബര്‍ 11നാണ് പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത്. ധന അഡിഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ സമൂഹമാധ്യമത്തില്‍ വിമര്‍ശിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.






