
വാഷിങ്‌ടണ്‍/ഇസ്ലാമാബാദ്: പശ്‌ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സമാധാന ചര്‍ച്ചകള്‍ പാകിസ്‌താനില്‍ ആരംഭിച്ചു. അഞ്ചു മണിക്കൂറോളം വൈകിയാണ് ചര്‍ച്ചകള്‍ ആരംഭിച്ചതെന്നു റിപ്പോര്‍ട്ടുണ്ട്. 1979 ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ഇതാദ്യമായാണ് യു.എസും ഇറാനും നേരിട്ടുള്ള ചര്‍ച്ചകള്‍ നടത്തുന്നത്. ചര്‍ച്ചകളുടെ ഭാഗമായി ഇറാന്‍-യുഎസ് പ്രതിനിധി സംഘങ്ങള്‍ വെവ്വേറെയായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായി കൂടിക്കാഴ്‌ച നടത്തി. ഇസ്ലാമബാദില്‍ ചര്‍ച്ചകള്‍ക്കിടെ ഹോര്‍മുസ് കടലിടുക്ക് ശുദ്ധീകരിക്കുന്ന പ്രക്രിയ ആരംഭിച്ചതായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ട്രംപിന്റെ അവകാശവാദത്തിനിടെ രണ്ടു യു.എസ് യുദ്ധക്കപ്പലുകള്‍ ഹോര്‍മുസ് മുറിച്ചു കടന്നതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്‌തു.
ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഇതുവഴി സഞ്ചരിക്കുന്നത്. യു.എസ്.എസ് മൈക്കല്‍ മര്‍ഫി ഉള്‍പ്പെടെയുള്ള കപ്പലുകളാണ് ഹോര്‍മുസ് കടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേരത്തേ, ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച അമേരിക്കന്‍ പടക്കപ്പലിനെ വിരട്ടി ഓടിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. തിരികെ പോയില്ലെങ്കില്‍ 30 മിനിറ്റിനുള്ളില്‍ ആക്രമിക്കും എന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയെന്നും പടക്കപ്പല്‍ തടഞ്ഞ് തിരിച്ചയച്ചെന്നുമാണ് റിപ്പോര്‍ട്ട്.
"ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, ജര്‍മനി, ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് ഒരു സഹായമായി ഹോര്‍മുസ് കടലിടുക്ക് ശുദ്ധീകരിക്കുന്ന പ്രക്രിയ ഞങ്ങള്‍ ഇപ്പോള്‍ ആരംഭിക്കുകയാണ്" എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞത്. മറ്റു രാജ്യങ്ങള്‍ ഹോര്‍മുസ് തുറക്കുന്നതിനായി ഇടപെടാത്തതിനേയും ട്രംപ് പരിഹസിച്ചു. ഈ ജോലി സ്വയം ചെയ്യാന്‍ അവര്‍ക്ക് ധൈര്യമോ ഇച്‌ഛാശക്‌തിയോ ഇല്ലെന്നും വിരോധാഭാസമാണെന്നും ട്രംപ് കുറിച്ചു. അതേസമയം, പശ്‌ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ പാകിസ്‌താന്‍ സൈനിക സംഘം യുദ്ധ വിമാനങ്ങളുമായി സൗദി അറേബ്യയിലെത്തി. പാക് സൈനിക സംഘം ദഹ്‌റാനിലെ കിങ് അബ്‌ദുല്‍ അസീസ് വ്യോമതാവളത്തില്‍ എത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ കരാറിന്റെ ഭാഗമായിട്ടാണ് പാക് സൈന്യത്തിന്റെ വരവെന്നും മന്ത്രാലയം വ്യക്‌തമാക്കി.
കഴിഞ്ഞ വര്‍ഷം പാകിസ്‌താനും സൗദിയും തന്ത്രപരമായ പരസ്‌പര പ്രതിരോധ കരാറില്‍ ഒപ്പുവച്ചിരുന്നു. ഈ കരാര്‍ പ്രകാരം, ഏതെങ്കിലും ഒന്നിനെതിരേയുള്ള ആക്രമണം ഇരു രാജ്യങ്ങള്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കപ്പെടുന്നു. ഇറാനെതിരേ സൗദി സൈനിക നടപടി സ്വീകരിക്കുകയാണെങ്കില്‍ പാകിസ്‌താനും ഒപ്പംചേരാന്‍ നിര്‍ബന്ധിതരാകും. പാകിസ്‌താന്‍ വ്യോമസേനയുടെ യുദ്ധ വിമാനങ്ങള്‍, സപ്പോര്‍ട്ടിങ് വിമാനങ്ങള്‍ എന്നിവയുമായിട്ടാണ് പാക് സൈന്യം എത്തിയതെന്ന് സൗദി മന്ത്രാലയം പ്രസ്‌താവനയിലൂടെ അറിയിച്ചു.
അതേസമയം, ലബനനുനേരേ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കണമെങ്കില്‍ ലബനനു നേരേയുള്ള ആക്രമണം ഇസ്രയേല്‍ നിര്‍ത്തിവയ്‌ക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടിരുന്നു.






