
ഗാന്ധിനഗര്‍: പാര്‍ട്ടി ഓഫീസിലെ സഹായിക്ക് മെഹ്‌സാന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിത്വം നല്‍കി ബി.ജെ.പി. ഗുജറാത്തിലെ മെഹ്‌സാനയില്‍ പാര്‍ട്ടി ജില്ലാ ആസ്‌ഥാനത്തു പ്രവര്‍ത്തിക്കുന്ന രമേഷ് ഭില്‍ എന്ന അമ്പതുകാരനാണ് അംഗീകാരം. ദീര്‍ഘകാലത്തെ സമര്‍പ്പിത സേവനം മാനിച്ചാണ് പാര്‍ട്ടി അദ്ദേഹത്തെ സ്‌ഥാനാര്‍ഥിയാക്കിയതെന്ന് ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു.
പത്താംക്ലാസ് വിദ്യാഭ്യാസമുള്ള ഭില്‍ മെഹ്‌സാന മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 13-ാം വാര്‍ഡില്‍നിന്നാണു മത്സരിക്കുന്നത്. പാര്‍ട്ടി തീരുമാനത്തെത്തുടര്‍ന്ന് ഇന്നലെ അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബി.ജെ.പി ജില്ലാ ഓഫീസില്‍ 28 വര്‍ഷമായി അദ്ദേഹം പ്രവര്‍ത്തിച്ചുവരികയാണ്. ഓഫീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും നേതാക്കളെയും പ്രവര്‍ത്തകരെയും സഹായിക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ചുമതലകള്‍. മുതിര്‍ന്ന നേതാക്കള്‍ക്കു ചായയും വെള്ളവും എത്തിച്ചു നല്‍കുന്നതും ഭില്‍ ആയിരുന്നു.
ഭിലിനെ മത്സരാര്‍ഥിയായി രംഗത്തിറക്കാനുള്ള തീരുമാനം പാര്‍ട്ടിനേതൃത്വത്തിന്റെ തന്ത്രപരമായ നീക്കമായി വിലയിരുത്തപ്പെടുന്നു. അതേസമയം, 'തൊഴിലാളിക്കു മുന്‍ഗണന' എന്ന പ്രത്യയശാസ്‌ത്രത്തെയാണ് ഇത് ഉയര്‍ത്തിക്കാട്ടുന്നതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. ഭില്ലിന്റെ വിശ്വസ്‌തതയും നേതാക്കളുമായുള്ള അടുത്ത പരിചയവും വാര്‍ഡിലേക്കു പരിഗണിക്കപ്പെടാന്‍ കാരണയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.






