
തിരുവനന്തപുരം: സസ്പെന്‍ഷനിലായ ഐഎഎസ് കേഡര്‍ ഉദ്യോഗസ്ഥന് എന്‍. പ്രശാന്തിന്റെ വിമര്‍ശനങ്ങള്‍ സര്‍ക്കാരിന്റെ ഇമേജിനെ ബാധിച്ചെന്ന് കുറ്റപ്പെടുത്തല്‍. നടപടിക്ക് ശേഷവും മാധ്യമങ്ങളില്‍ അഭിമുഖം നല്കി ചട്ട ലംഘനം തുടര്‍ന്ന സാഹചര്യത്തിലാണ് ഇന്നലെ കുറ്റാരോപണ മെമ്മോ നല്‍കിയതെന്നും പറയുന്നു. പ്രശാന്തിന്റെ പ്രവര്‍ത്തികളില്‍ മര്യദയില്ലെന്നും അനുസരണക്കേടെന്നും കുറ്റപ്പെടുത്തുന്നു.
ഉന്നത ഉദ്യോഗസ്ഥനായ എ ജയതിലകിനെതിരെ പരസ്യവിമര്‍ശനത്തിന്റെ പേരില്‍ സസ്പെന്‍ഷനിലാണ് പ്രശാന്ത്. എതിരെയുള്ള അച്ചടക്ക നടപടി വൈകാതെ അവസാനിപ്പിച്ചേക്കുമെന്നും വിവരമുണ്ട്. അതിനിടയിലാണ് കുറ്റാരോപണ മെമ്മോ നല്‍കിയത്. മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ ഗോപാലകൃഷ്ണന് ഐഎഎസിനെ വിമര്‍ശിച്ചത് തെറ്റാണെന്ന് മെമ്മോയിലുണ്ട്. ഇത് കെ ഗോപാലകൃഷ്ണന് അപമാനവും മാനഹാനിയും ഉണ്ടാക്കി. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് ജയതിലകനെ വിമര്‍ശിച്ചതും കുറ്റകരമാണെന്നും പറയുന്നു.
അടുത്ത ചീഫ് സെക്രട്ടറിയാവാന്‍ സാധ്യത ഏറെയുള്ള മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് ജയതിലകിനെതിരായ പരസ്യപോരിലാണ് എന്‍ പ്രശാന്ത് സസ്പെന്‍ഷനിലായത്. 30 ദിവസത്തിനകം മെമ്മോയ്ക്ക് വിശദീകരണം നല്‍കണം. നവംബര്‍ 11നാണ് പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത്. അതേസമയം പ്രശാന്തിനും കെ. ഗോപാലകൃഷ്ണനും എതിരേയുള്ള നടപടി വൈകാതെ അവസാനിപ്പിച്ച് ഇരുവരേയൂം ഉടന്‍ തിരിച്ചെടുക്കാനും സാധ്യതയുണ്ട്. ഇരുവര്‍ക്കും എതിരെയുള്ള അച്ചടക്ക നടപടി വൈകാതെ അവസാനിപ്പിക്കും.
കുറ്റാരോപണ മെമ്മോയ്ക്കു മറുപടി ലഭിച്ചാലുടന്‍ ഇരുവര്‍ക്കും താക്കീത് നല്കി തിരിച്ചെടുത്തേക്കും. പ്രശാന്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢനീക്കം നടന്നതായി സര്‍ക്കാരിന് രഹസ്യ റിപ്പോര്‍ട്ട് ലഭിച്ചെന്നാണു സൂചന. എന്നാല്‍ ആരാണ് തിരക്കഥകള്‍ക്ക് പിന്നിലെന്നു വ്യക്തമാക്കിയിട്ടില്ല. മുഖ്യമന്ത്രി നേരിട്ടാണ് ഇൗ വിഷയം കൈകാര്യം ചെയ്യുന്നത്. 'ഉന്നതി'യിലെ ഫയലുകള്‍ കാണാതായെന്ന വാര്‍ത്തകള്‍ കളവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മത വിഭാഗിയത ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന ആരോപണമാണ് ഗോപാലകൃഷ്ണന് നേരിടുന്നത്.
അഡീ. ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരേ വിമര്‍ശനം നടത്തിയത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നു എന്‍. പ്രശാന്തിനുള്ള മെമ്മോയില്‍ പറയുന്നു. നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.






