
പാലാ: ഒരു വര്‍ഷത്തോളമായി അന്പത്തെട്ടുകാരന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയിരുന്ന എല്ലിന് കഷണം പാലാ, മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പള്‍മണറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിദഗ്ധ ചികിത്സയിലൂടെ പുറത്തെടുത്തു. ഇടുക്കി തോപ്രാംകുടി സ്വദേശിയുടെ ശ്വാസകോശത്തിലാണ് എല്ലിന് കഷണം കുടുങ്ങിയിരുന്നത്. ചുമയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്നു മറ്റ് സ്വകാര്യ ആശുപത്രികളില്‍ ഇദ്ദേഹം ചികിത്സ തേടിയിരുന്നു.
ചുമ കുറയാതെ വരികയും ന്യുമോണിയ ബാധിക്കുകയും ചെയ്തപ്പോഴാണ് മാര്‍ സ്ലീവാ മെഡിസിറ്റിയിലെ പള്‍മണറി വിഭാഗത്തില്‍ വിദഗ്ധ ചികിത്സ തേടി എത്തിയത്. മാറാത്ത ചുമയുടെയും ന്യുമോണിയായുടെയും ഒരു കാരണം ശ്വാസനാളിക്കുള്ളില്‍ കുടുങ്ങിയ എന്തെങ്കിലും വസ്തുക്കള്‍ ആകാന്‍ സാധ്യതയുള്ളതിനാല്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മുന്‍കാലത്ത് ഉണ്ടായ കാര്യങ്ങള്‍ തിരക്കി.
ഒരു വര്‍ഷം മുന്‍പ് ഭക്ഷണം കഴിച്ചപ്പോള്‍ ഉണ്ടായ അനുഭവവും അസ്വസ്ഥതകളും രോഗി പങ്കുവെച്ചു. വീട്ടില്‍ വച്ച് കപ്പയും ചിക്കന്‍ കറിയും കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുകയും ഛര്‍ദ്ദില്‍ അനുഭവപ്പെടുകയും ചെയ്തിരുന്നു. കുടുങ്ങിയ എല്ലിന്കക്ഷണം ഉള്‍പ്പെടെ ഛര്‍ദ്ദിലിനൊപ്പം പുറത്തു പോയെന്നാണ് കരുതിയിരുന്നത്. പള്‍മണറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.മെറിന് യോഹന്നാന്റെ നേതൃത്വത്തില്‍ തുടര്‍ന്നു നടത്തിയ വിദഗ്ധ പരിശോധനയിലാണ് ശ്വാസകോശത്തില്‍ ഇടതു ഭാഗത്തായി എല്ലിന് കഷണം കുടുങ്ങിയിരിക്കുന്നതായി കണ്ടെത്തിയത്.
തുടര്‍ന്നു ഫ്ലെക്സിബിള്‍ ബ്രോങ്കോസ്കോപ്പി ചികിത്സയിലൂടെ എല്ലിന് കഷണം പുറത്തെടുക്കുകയായിരുന്നു.ഒന്നര സെന്റിമീറ്ററോളം വലുപ്പമുള്ള എല്ലിന് കഷണമാണ് ശ്വാസകോശത്തില്‍ കുടങ്ങിയിരുന്നത്. പള്‍മണറി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ.ജെയ്സി തോമസ്, കണ്‍സള്‍ട്ടന്റ് ഡോ.രാജ് കൃഷ്ണന്.എസ് എന്നിവരും ചികിത്സയുടെ ഭാഗമായി. സുഖം പ്രാപിച്ച രോഗി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.






