
കൊച്ചി : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കൂടുതല്‍ സഹായം കിട്ടാന്‍ കേരളത്തിന് അര്‍ഹതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. ഇതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ മധ്യസ്ഥതയ്ക്ക് തയാറാണെന്നും ഡിവിഷന് ബെഞ്ച് അറിയിച്ചു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 700 കോടിയോളം രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ ഉണ്ടെങ്കിലും ചെലവഴിക്കാവുന്ന മിച്ചമുളളത് 61 കോടി രൂപ മാത്രമാണെന്ന് അമിക്കസ് ക്യൂരിയും റിപ്പോര്‍ട്ട് നല്കി.
വയനാട് ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിന് 2300 കോടിയോളം രൂപയുടെ കേന്ദ്ര പാക്കേജ് വേണമെന്ന് ആവശ്യപ്പെടുന്നതിനിടെയാണ് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ കണക്കുകള്‍ ഹാജരാക്കിയത്. 782.99 കോടി രൂപയായിരുന്നു ഒക്ടോബര്‍ ഒന്നുവരെ എസ് ഡി ആര് എഫില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഡിസംബര്‍ 10 ലെ കണക്ക് നോക്കുമ്പോള്‍ ഇത് 700. 5 കോടി രൂപയാണ്. ഇത് സംസ്ഥാനത്തെ മുഴുവന്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയുളളതാണ്. ഉരുള്‍പൊട്ടല്‍ മേഖലയിലേക്ക് മാത്രമായി ഉപയോഗിക്കാനാകില്ല. ആകെയുളള 700.5 കോടിയില്‍ 471 കോടിയോളം രൂപ സംസ്ഥാനത്തെ വിവിധ ആവശ്യങ്ങള്‍ക്കായി കൊടുത്തു തീര്‍ക്കാനുളളതാണ്. മറ്റൊരു 128 കോടി രൂപ കൂടി മറ്റാവശ്യങ്ങള്‍ക്ക് മാറ്റി വയ്ക്കേണ്ടതുണ്ട്. കണക്കില്‍ 700 കോടിയുണ്ടെങ്കിലും വയനാടിന് മാത്രമായി ഇത് ഉപയോഗിക്കാനാകില്ല.






