
പാലക്കാട് : നിയന്ത്രണംവിട്ടു മറിഞ്ഞ സിമെന്റ് ലോറിക്കടിയില്‍പ്പെട്ടു നാലു സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു ദാരുണാന്ത്യത്തില്‍ അപകടത്തിന് അമിത വേഗം കാരണമായോ എന്നതടക്കം അനേ്വഷിക്കും. പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ കരിമ്പ പനയമ്പാടത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് 3.50 നാണ് അപകടമുണ്ടായത്. സംഭവത്തില്‍ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും പാലക്കാടിന്റെ ചുമതലയുള്ള മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥ് പറഞ്ഞു.
പാലക്കാട് നിന്ന് മണ്ണാര്‍ക്കാട് ഭാഗത്തേക്ക് സിമെന്റുമായി പോവുകയായിരുന്ന ലോറി പനയമ്പാടം വളവില്‍ നിയന്ത്രണം വിട്ട് വിദ്യാര്‍ഥിനികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി മറിയുകയായിരുന്നു. ലോറി പാഞ്ഞുവരുന്നതു കണ്ട് ഒരു വിദ്യാര്‍ഥിനി ഓടിമാറി രക്ഷപ്പെട്ടു. മൂന്നു കുട്ടികള്‍ സംഭവസ്ഥലത്ത് വെച്ചും ഗുരുതരമായി പരുക്കേറ്റ ഒരു കുട്ടി ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴുമാണ് മരിച്ചത്.
ക്രിസ്മസ് പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥിനികള്‍ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡില്‍ തെന്നലുണ്ടായിരുന്നെന്നുമാണു ഡ്രൈവറുടെ മൊഴി. സിമെന്റ് ലോറിയില്‍ മറ്റൊരു ലോറി തട്ടിയെന്നും അതേത്തുടര്‍ന്നു നിയന്ത്രണം നഷ്ടപ്പെട്ട് ലോറി റോഡരികിലേക്ക് പാഞ്ഞുകയറി മറിയുകയായിരുന്നുവെന്നും പറയുന്നു.
നാട്ടുകാരും പോലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംഭവത്തില്‍ കാസര്‍കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ മഹേന്ദ്രപ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരെ കല്ലടിക്കോട് പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തില്‍ വര്‍ഗീസിന്റെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്രപ്രസാദിന് കാര്യമായ പരുക്കില്ല. ഇരുവരും മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അനേ്വഷണം പ്രഖ്യാപിച്ചു. അപകടത്തെക്കുറിച്ച് അനേ്വഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് ജില്ലാ കലക്ടറെ മന്ത്രി ചുമതലപ്പെടുത്തി. വിദ്യാര്‍ഥികളുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. സംഭവം ഞെട്ടിക്കുന്നതും ദാരുണവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കരിമ്പ ചെറുള്ളി പള്ളിപ്പുറം അബ്ദുള്‍ സലാമിന്റെ മകള്‍ ഇര്‍ഫാന ഷെറിന് (13), പെട്ടേതൊടി അബ്ദുള്‍ റഫീഖിന്റെ മകള്‍ റിദ ഫാത്തിമ (13), കൗളെങ്ങില് സലീമിന്റെ മകള്‍ നിദാ ഫാത്തിമ (13), അത്തികല് ഷറഫുദീന്റെ മകള്‍ എ.എസ്. ആയിഷ (13) എന്നിവരാണ് മരിച്ചത്. കരിമ്പ ചെറുള്ളി സ്വദേശികളായ നാലുപേരും കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളാണ്.






